മട്ടന്നൂര്‍ കോളജ്: സസ്പെന്‍ഷന്‍ പിന്‍വലിക്കും; സമരം അവസാനിപ്പിച്ചു

മട്ടന്നൂര്‍: പഴശ്ശിരാജ എന്‍.എസ്.എസ് കോളജിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍വകക്ഷി സംഘം പ്രിന്‍സിപ്പല്‍ ഡോ. കെ. ശങ്കറുമായി ചര്‍ച്ച നടത്തി. ചൊവ്വാഴ്ച രണ്ടു മണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ അബു സാലിഹ് എന്ന വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെതിരെ മട്ടന്നൂര്‍ കോടതിയില്‍ നല്‍കിയ പരാതിയും പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിക്കെതിരെ പൊലീസില്‍ നല്‍കിയ പരാതിയും പിന്‍വലിക്കാന്‍ ധാരണയായി. ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ ക്ഷമ പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനും തീരുമാനമായി. തീരുമാനം കോളജ് മാനേജ്മെന്‍റ് അംഗീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. രാജന്‍, കൂടാളി പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ച നടത്തിയത്. മട്ടന്നൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സന്‍ കെ. ശോഭന, കൗണ്‍സിലര്‍മാരായ വി. ദാമോദരന്‍, ഷാഹിന സത്യന്‍, ഇ.പി. ഷംസുദ്ദീന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍.വി. ചന്ദ്രബാബു, വി.ആര്‍. ഭാസ്കരന്‍, സി.വി. വിജയന്‍ മാസ്റ്റര്‍, കെ.എം. വിജയന്‍ മാസ്റ്റര്‍, എം. ദാമോദരന്‍ മാസ്റ്റര്‍, സന്തോഷ് മാവില, കെ. കുമാരന്‍, കെ.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍, എന്‍. സിദ്ദീഖ്, വി. മോഹനന്‍, വി.കെ. സുഗതന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത മൂന്ന് വിദ്യാര്‍ഥികളെ തിരിച്ചെടുക്കുമെന്ന ഉറപ്പിനത്തെുടര്‍ന്ന് 14 ദിവസമായി എസ്.എഫ്.ഐ നടത്തുന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എന്‍.വി. ചന്ദ്രബാബു നിരാഹാര സമരം നടത്തുന്ന കെ. കരുണ്‍രാജിന് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. പി. പ്രവീഷ് അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് സിറാജ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എം. രതീഷ്, വി.കെ. സുഗതന്‍ എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ മുന്‍ ചെയര്‍മാന്‍ പി. ശ്യാംജിത്ത്, കോളജ് യൂനിറ്റ് പ്രസിഡന്‍റ് കെ.വി. ശരത്ത്, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയും ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയുമായ കരുണ്‍രാജ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി സത്യഗ്രഹം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.