വാട്ടര്‍ അതോറിറ്റിക്ക് മുന്നില്‍ പ്രതിഷേധം

കണ്ണൂര്‍: കീഴല്ലൂര്‍ ജലസംഭരണയില്‍ ജലവിതാനം ഉയര്‍ന്ന് കൃഷിയിടങ്ങളില്‍ വെള്ളം കയറി വ്യാപകനാശം. ഇതുകാരണം പ്രദേശത്തെ കര്‍ഷകരാകെ ദുരിതത്തിലായി. പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘത്തിന്‍െറ നേതൃത്വത്തില്‍ കണ്ണൂര്‍ താണയിലെ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ ഓഫിസിനു മുന്നില്‍ നാട്ടുകാര്‍ നടത്തിയ ധര്‍ണയില്‍ പ്രതിഷേധമിരമ്പി. തലശ്ശേരി, മാഹി ശുദ്ധജലവിതരണ പദ്ധതിക്ക് പമ്പിങ്ങിനാവശ്യമായ വെള്ളം തടഞ്ഞുനിര്‍ത്താനാണ് കഴിഞ്ഞദിവസം ഡാമിന്‍െറ ഷട്ടറുകളടച്ചത്. ഇതോടെ പുഴയില്‍നിന്ന് തോട്ടിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറുകയായിരുന്നു. കീഴല്ലൂര്‍, പാലയോട്, വളയാല്‍ പ്രദേശങ്ങളിലാണ് വലിയതോതില്‍ കൃഷി വെള്ളത്തിലായത്. പറമ്പന്‍ ഭാസ്കരന്‍, പി. ഗംഗാധരന്‍, പി. ദേവൂട്ടി, എം.കെ. ജനാര്‍ദനന്‍, കാരാത്താന്‍ സഹദേവന്‍, എം.വി. കാര്‍ത്യായനി, പോക്കര്‍, പി. നാരായണന്‍, കെ. കനകന്‍, വാളാങ്കി രാജന്‍ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്. മുന്‍ വര്‍ഷങ്ങളിലും വെള്ളംകയറി കൃഷി നശിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ ഭൂരിഭാഗംപേരും പച്ചക്കറി, വാഴ കൃഷികള്‍ ഉപേക്ഷിക്കേണ്ടിവരുന്ന സ്ഥിതിയാണ്. ഏപ്രില്‍ മാസത്തോടെ മാത്രമേ ഡാമില്‍ ജലവിതാനം താഴുകയുള്ളൂ. നാലുമാസത്തോളം കൃഷി വെള്ളത്തിനടിയിലാകുന്നതിനാല്‍ തെങ്ങ്, കവുങ്ങ് എന്നിവ ഉള്‍പ്പെടെ നശിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ നഷ്ടപരിഹാരത്തിന് കര്‍ഷകര്‍ അപേക്ഷിച്ചിരുന്നുവെങ്കിലും കിട്ടിയിട്ടില്ല. കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയംഗവും മട്ടന്നൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനുമായ കെ.ടി. ചന്ദ്രന്‍ മാസ്റ്റര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ടി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. സി.കെ. രാഘവന്‍, ടി. ബാബു എന്നിവര്‍ സംസാരിച്ചു. പി.പി. സുരേന്ദ്രന്‍ സ്വാഗതവും എം.വി. പ്രശാന്തന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെ.ടി. ചന്ദ്രന്‍ മാസ്റ്റര്‍, സി.കെ. വിജയന്‍, പി.പി. സുരേന്ദ്രന്‍ എന്നിവര്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ യു.കെ. മോഹനനെ കണ്ട് കര്‍ഷകരുടെ ദുരിതം ധരിപ്പിച്ചു. നിവേദനവും നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ജനുവരി 10ന് രാവിലെ 10 മണിക്ക് വിദഗ്ധസംഘം വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും ധാരണയായി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് സാധ്യമായ എല്ലാ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.