ലക്ഷംരൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും സാമൂഹിക സുരക്ഷാ പെന്‍ഷന്‍

പയ്യന്നൂര്‍: സാമൂഹികസുരക്ഷാ പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച അവ്യക്തതക്ക് വിരാമമിട്ട് പെന്‍ഷന്‍ മാനദണ്ഡം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി (എം.എസ് 9/2016. തീയതി 30.1.2016). ഇതുപ്രകാരം, പ്രതിവര്‍ഷം ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും ഇനിമുതല്‍ സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ട്. നേരത്തെ വരുമാനപരിധി കൃത്യമായി പറയാത്തതിനാല്‍ മറ്റു പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് സാമൂഹികസുരക്ഷാപെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച് അവ്യക്തതയുണ്ടായിരുന്നു. ബന്ധപ്പെട്ട പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ അര്‍ഹതയുള്ള പലര്‍ക്കും ആനുകൂല്യം നിഷേധിക്കപ്പെട്ടു. പുതിയ ഉത്തരവ് പ്രകാരം, മറ്റു പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ലക്ഷംരൂപ വരുമാന പരിധിക്കുള്ളിലാണെങ്കില്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ അനുവദിക്കും. എന്നാല്‍, ഏതെങ്കിലും ഒരു സാമൂഹികസുരക്ഷാ പെന്‍ഷന്‍ മാത്രമാണ് ലഭിക്കുക. ഈ വിഭാഗത്തിലെ ഏത് പെന്‍ഷനാണ് വാങ്ങേണ്ടതെന്ന് ഗുണഭോക്താവിന് തീരുമാനിക്കാം.പുതിയ തീരുമാനപ്രകാരം ഇ.പി.എഫ്, വികലാംഗ ക്ഷേമബോര്‍ഡ്, കര്‍ഷകത്തൊഴിലാളി പെന്‍ഷനുകളുടെ ഗുണഭോക്താക്കള്‍ക്ക് സാമൂഹികസുരക്ഷാ പെന്‍ഷനും അര്‍ഹതയുണ്ട്. ഇതിനുപുറമെ, സര്‍ക്കാര്‍ ഓണറേറിയം കൈപ്പറ്റുന്ന അങ്കണവാടി ജീവനക്കാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും ഏതെങ്കിലും ഒരു സാമൂഹികസുരക്ഷാ പെന്‍ഷന്‍ വാങ്ങാം. സര്‍ക്കാര്‍ ഗ്രാന്‍ഡ് ലഭിക്കുന്ന അനാഥ, അഗതി, വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്കും അര്‍ഹതാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായായി ഏതെങ്കിലും ഒരു സാമൂഹികസുരക്ഷാ പെന്‍ഷന്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.