സെക്രട്ടറിമാരില്ല: പഞ്ചായത്തുകളില്‍ ഫയലുകള്‍ കുന്നുകൂടുന്നു

മുട്ടം: സെക്രട്ടറിമാരില്ലാത്തതിനാല്‍ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. മിക്ക പഞ്ചായത്തുകളിലും ഫയലുകള്‍ കുന്നുകൂടുകയാണ്. തൊടുപുഴ, ഹൈറേഞ്ച് മേഖലകളില്‍ അഞ്ചുവീതം ജില്ലയില്‍ പത്ത് പഞ്ചായത്തുകളിലാണ് സെക്രട്ടറിമാരുടെ കസേര ഒഴിഞ്ഞുകിടക്കുന്നത്. നേരിട്ടും സ്ഥാനക്കയറ്റത്തിലൂടെയും സെക്രട്ടറിമാരായവര്‍ തമ്മിലെ സീനിയോരിറ്റി തര്‍ക്കമാണ് നിയമനം അനിശ്ചിതത്വത്തിലാകാന്‍ കാരണം. തൊടുപുഴ മേഖലയില്‍ ഇടവെട്ടി, കുടയത്തൂര്‍, കരിമണ്ണൂര്‍, വണ്ണപ്പുറം, മണക്കാട്, വാഴത്തോപ്പ് പഞ്ചായത്തുകളിലും ഹൈറേഞ്ച് മേഖലയില്‍ വാഴത്തോപ്പ്, രാജാക്കാട്, കാന്തല്ലൂര്‍, ഏലപ്പാറ, ശാന്തമ്പാറ പഞ്ചായത്തുകളിലുമാണ് സെക്രട്ടറിമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 180ല്‍ അധികം പഞ്ചായത്തുകളില്‍ സെക്രട്ടറിമാര്‍ ഇല്ലാത്ത അവസ്ഥയാണ്. ജൂനിയര്‍ സൂപ്രണ്ടുമാരും അസി. സെക്രട്ടറിമാരുമാണ് പഞ്ചായത്ത് സെക്രട്ടറിമാരായി മാറുന്നത്. എന്നാല്‍, ഇത്തരത്തില്‍ സെക്രട്ടറിമാരാകുന്നവരേക്കാള്‍ സീനിയോരിറ്റി തങ്ങള്‍ക്കാണെന്ന് നേരിട്ട് സെക്രട്ടറിമാരാകുന്നവര്‍ വാദിക്കുന്നു. ഇക്കാരണത്തില്‍ ധാരണയില്‍ എത്താനാവാതെ ഇരുകൂട്ടരും കേസുകളുമായി മുന്നോട്ടുപോയി. ഇത് നിലവില്‍ കേസ് സുപ്രീംകോടതിവരെ എത്തിനില്‍ക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് അഞ്ചോളം കേസുകള്‍ കോടതിയിലുണ്ട്. 2010ലും 2014 ലും സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും സീനിയോരിറ്റി ലിസ്റ്റിലെ മുഴുവന്‍ പേരെയും സെക്രട്ടറിമാരായി നിയമിക്കാന്‍ സാധിച്ചില്ല. സീനിയോരിറ്റി ലിസ്റ്റ് പ്രകാരം നിയമനം ലഭിക്കാന്‍ താമസിച്ചവര്‍ കേസുമായി മുന്നോട്ടുപോയതോടെ ലിസ്റ്റ് പൂര്‍ണമായും സുപ്രീം കോടതി റദ്ദാക്കി. ഒരു വര്‍ഷത്തോളമായി സെക്രട്ടറി നിയമനം നടക്കാത്തതിനാല്‍ വിരമിക്കുന്ന ഒഴിവുകള്‍ നികത്തപ്പെടുന്നില്ല. മറ്റ് പഞ്ചായത്തിലെ സെക്രട്ടറിമാര്‍ക്കോ അതേ പഞ്ചായത്തിലെ ഹെഡ് ക്ളര്‍ക്കുമാര്‍ക്കോ സെക്രട്ടറിയുടെ ചുമതല നല്‍കുകയാണ് പതിവ്. ഒന്നിലധികം പഞ്ചായത്തുകളുടെ ചുമതല ഒരു സെക്രട്ടറി വഹിക്കേണ്ടിവരുമ്പോള്‍ ഇരു പഞ്ചായത്തുകളിലെയും പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്ന അവസ്ഥയാണ്. ഡിസംബറില്‍ മാത്രമേ ഇനി സെക്രട്ടറി നിയമനം നടക്കാന്‍ സാധ്യതയുള്ളൂവെന്നാണ് ഡയറക്ടറേറ്റില്‍നിന്നുള്ള സൂചന. സെക്രട്ടറിമാരായി വിരമിക്കാന്‍ യോഗ്യതയുള്ള ജൂനിയര്‍ സൂപ്രണ്ടുമാരും അസി. സെക്രട്ടറിമാരും സ്ഥാനക്കയറ്റം കിട്ടാത്തതിനാല്‍ ഇതേ തസ്തികയില്‍ വിരമിക്കേണ്ട അവസ്ഥയാണ്. ഇക്കാരണത്താല്‍ ഇവരുടെ ശമ്പളത്തിലും പെന്‍ഷനിലും മറ്റ് ആനുകൂല്യങ്ങളിലും ഭീമമായ കുറവ് സംഭവിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.