25 ഇനം പയര്‍ വിത്തുകള്‍ നട്ട് വിദ്യാര്‍ഥിക്കൂട്ടം

കൂത്തുപറമ്പ്: അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തിന്‍െറ ഭാഗമായി വിദ്യാര്‍ഥികള്‍ 25ഓളം ഇനം പയര്‍ വിത്തുകള്‍ നട്ടു. കൂത്തുപറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍െറ ആഭിമുഖ്യത്തിലാണ് വിപുലമായ പയര്‍ കൃഷി ഇറക്കിയത്. കേരളത്തില്‍ ലഭ്യമായ മിക്കയിനം പയര്‍വിത്തുകളും ധാന്യങ്ങളും കുട്ടികള്‍ കൃഷിക്കായി ഇറക്കിയിട്ടുണ്ട്. പരിസ്ഥിതി ക്ളബിന്‍െറ നേതൃത്വത്തില്‍ സ്കൂളിന്‍െറ വകയായുള്ള 50 സെന്‍േറാളം സ്ഥലത്താണ് കൃഷി നടത്തുന്നത്. പയര്‍ ഇനങ്ങള്‍ക്ക് പുറമെ വിവിധയിനം കടല വിത്തുകള്‍, മുതിര, എള്ള്, മുത്താറി, ചോളം, സോയാബീന്‍ എന്നിവയോടൊപ്പം അപൂര്‍വമായി മാത്രം കൃഷി ചെയ്യുന്ന നായ്ക്കുരണപ്പരിപ്പ് വരെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി സ്കൂളില്‍ നടത്തിവരുന്ന കൃഷിയില്‍ നിന്നും ശേഖരിച്ച വിത്തുകളും പയര്‍കൃഷിക്കുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പൂര്‍ണമായും ജൈവരീതിയിലാണ് വിദ്യാര്‍ഥികള്‍ പയര്‍ കൃഷി നടത്തുന്നത്. കൃഷിക്കായി നിലമൊരുക്കിയതും വളപ്രയോഗം നടത്തിയതുമെല്ലാം കുട്ടികള്‍ തന്നെയാണ്. ഭക്ഷ്യസുരക്ഷാ സന്ദേശം കുട്ടികളില്‍ എത്തിക്കുന്നതിനായാണ് സ്കൂള്‍ പരിസ്ഥിതി ക്ളബിന്‍െറ നേതൃത്വത്തില്‍ പയര്‍ കൃഷിക്ക് നേതൃത്വം നല്‍കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്കൂള്‍ പ്രധാനാധ്യാപിക പി.കെ. ചന്ദ്രമതി പയര്‍ വിത്തുകള്‍ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍.പി. ഗീത അധ്യക്ഷത വഹിച്ചു.കെ. രാജന്‍, വി.വി. ദിവാകരന്‍, മുകുന്ദന്‍, പി. പ്രകാശന്‍, പി. മോഹന്‍, കെ. സുനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.