അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കില്ളെന്ന് സര്‍വകക്ഷി യോഗം

കണ്ണൂര്‍: ജില്ലയിലെ അക്രമസംഭവങ്ങള്‍ തടയാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സമാധാന യോഗങ്ങള്‍ ചേരുന്നതിനും അക്രമങ്ങളുണ്ടായാല്‍ അതിലുള്‍പ്പെട്ട പാര്‍ട്ടികളുടെ നേതാക്കള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതിനും കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ തീരുമാനം. ജില്ലയില്‍ അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. അക്രമങ്ങളെ സമാധാന യോഗം ഏകകണ്ഠമായി അപലപിച്ചു. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ളെന്നും നേതാക്കള്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ സി.ഐയുടെ അധ്യക്ഷതയിലാണ് സമാധാന യോഗങ്ങള്‍ ചേരുക. എല്ലാ പാര്‍ട്ടികളുടെയും അതത് പ്രദേശത്തെ നേതാക്കന്മാരെ യോഗത്തിലേക്ക് വിളിക്കും. അടുത്ത ദിവസം തന്നെ ഇത്തരത്തിലുള്ള യോഗങ്ങള്‍ തുടങ്ങും. തുടര്‍ന്ന് മാസത്തിലൊരിക്കല്‍ എന്ന നിലയില്‍ യോഗം ചേരും. ജില്ലയില്‍ കോണ്‍ഗ്രസ്, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ക്ക് വഴിമരുന്നിടുന്നതെന്ന് പി. ജയരാജന്‍ പറഞ്ഞു. ബി.ജെ.പി, കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇത് എതിര്‍ത്തുവെങ്കിലും യോഗം പൊതുവേ സമാധാനപരമായിരുന്നു. സമാധാനപാലനത്തിന്‍െറ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകള്‍, ടെലിഫോണ്‍ പോസ്റ്റുകള്‍ തുടങ്ങിയ പൊതുമുതലുകള്‍ ഉപയോഗിച്ചുള്ള പാര്‍ട്ടികളുടെ പ്രചാരണവും പോസ്റ്റര്‍ പതിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് വി. രാജേഷ് പ്രേം, കെ.സി. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു. ജില്ലയില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെടാനിടയായ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള ആക്ഷന്‍ പ്ളാന്‍ തയാറാക്കിവരുന്നതായി എസ്.പി സഞ്ജയ്കുമാര്‍ ഗുരുദ്ദിന്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം മുഹമ്മദ് യൂസുഫ്, വിവിധ കക്ഷി നേതാക്കളായ കെ.കെ. നാരായണന്‍, പി. സത്യപ്രകാശ്, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, പി. കുഞ്ഞിമുഹമ്മദ്, എം. കണ്ണന്‍, കെ.സി. മുഹമ്മദ് ഫൈസല്‍, കെ. സജീവന്‍, എം. ബിജു, കെ. പ്രമോദ്, വെള്ളോറ രാജന്‍, ജോണ്‍സണ്‍ പി. തോമസ്, ജി. രാജേന്ദ്രന്‍, കെ. ബാലകൃഷ്ണന്‍, കെ.കെ. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.