പഴശ്ശി പദ്ധതിപ്രദേശത്ത് മണല്‍മാഫിയ പിടിമുറുക്കുന്നു

ഇരിട്ടി: പഴശ്ശി പദ്ധതിപ്രദേശത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് മണല്‍ക്കൊള്ള നിര്‍ബാധം തുടരുമ്പോഴും റവന്യൂ-പൊലീസ് അധികൃതര്‍ മൗനംപാലിക്കുന്നു. പദ്ധതിപ്രദേശത്തെ വിവിധ കടവുകളില്‍നിന്നായി രാത്രികാലങ്ങളില്‍ തോണിയുപയോഗിച്ച് ലോഡുകണക്കിന് മണല്‍ കയറ്റിപ്പോകുന്നുണ്ട്. റവന്യൂ-പൊലീസ് അധികൃതരുമായി ഇവര്‍ക്കുള്ള ‘നല്ല’ ബന്ധംമൂലം സര്‍ക്കാറിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. കാലവര്‍ഷം ശക്തിപ്പെട്ടപ്പോള്‍ മണല്‍വാരലിന് കുറച്ച് ശമനമുണ്ടായിരുന്നുവെങ്കിലും പുഴയില്‍ നീരൊഴുക്കുകുറഞ്ഞതോടെ വീണ്ടും മണല്‍വാരല്‍ ശക്തമായി. ഏഴോളം കടവുകളാണ് പഴശ്ശി പദ്ധതിപ്രദേശത്തുള്ളത്. ഇതില്‍ പടിയൂര്‍, പൂവ്വം, എടക്കാനം, പെരുമ്പറമ്പ് കടവുകളില്‍നിന്നാണ് മണല്‍ വ്യാപകമായി വാരിയെടുക്കുന്നത്. രാത്രി എട്ടോടെ തോണിയുപയോഗിച്ച് ശേഖരിക്കുന്ന മണല്‍ പുലര്‍ച്ചയോടെ കടവുകളില്‍ ലോറിയിലത്തെിച്ച് കയറ്റിക്കൊണ്ടുപോകുന്നു. വിപുലമായ സെക്യൂരിറ്റിസംവിധാനത്തോടെയാണ് മണല്‍ ലോബി പ്രദേശത്ത് പിടിമുറുക്കുന്നത്. പഴശ്ശി പദ്ധതിപ്രദേശത്തെ മണല്‍ ഇ-മണല്‍ പല രീതിയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ ഏജന്‍സിയെ കൊണ്ട് ശേഖരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, മണല്‍ ശേഖരിക്കാനുള്ള അധികാരം ഏത് ഏജന്‍സിക്ക് നല്‍കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം പൊതുമേഖലാ സ്ഥാപനമായ കെല്ലിനായിരുന്നു മണല്‍ ശേഖരിക്കുന്നതിനുള്ള അധികാരം നല്‍കിയത്. എന്നാല്‍, കെല്‍ സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കി. ചില ഉദ്യോഗസ്ഥര്‍ വന്‍ അഴിമതി കാണിച്ചതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. നിശ്ചിതകാലയളവില്‍ മണല്‍ വാരുന്നതിനുള്ള അധികാരം ലേലത്തിന് നല്‍കണമെന്നാണ് ജലസേചനവകുപ്പിന്‍െറ നിലപാട്. ഈ നിര്‍ദേശം ജില്ലാഭരണകൂടം അംഗീകരിച്ചിട്ടില്ല. പരസ്യലേലമായാല്‍ വരുമാനം കുടുമെന്നാണ് വകുപ്പിന്‍െറ ന്യായമെങ്കിലും വ്യാപകമായ ആരോപണങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാലാണ് പഴശ്ശി പദ്ധതിപ്രദേശത്തെ മണല്‍, ഇ-മണല്‍ വിഭാഗത്തേക്കു മാറ്റിയത്. പഴശ്ശി പദ്ധതിപ്രദേശത്തെ മണല്‍ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ അധികൃതര്‍ക്കിടയില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ മണല്‍ലോബിക്ക് തീവെട്ടിക്കൊള്ള നടത്താനുള്ള സുവര്‍ണകാലമായി മാറുകയാണിപ്പോള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.