പാനൂര്‍ താലൂക്ക് ആശുപത്രിയെ മികവിലേക്കുയര്‍ത്തും –മന്ത്രി

പാനൂര്‍: അഞ്ചുവര്‍ഷത്തിനുള്ളില്‍ പാനൂര്‍ താലൂക്ക് ആശുപത്രിയെ മികച്ച ആശുപത്രിയായി മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് 18ാം വാര്‍ഡില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുണ്ടത്തോടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ആശുപത്രികളുടെ ഘടന മാറ്റാനുള്ള നയപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തെയും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റും. ആദ്യഘട്ടത്തില്‍ ഓരോ മണ്ഡലത്തിലെയും ഒരു പി.എച്ച്.സിയെ ഇത്തരത്തില്‍ മാറ്റും. കുടുംബ ഡോക്ടര്‍ എന്ന സങ്കല്‍പത്തിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും ചൂഷണം ഒഴിവാക്കുന്നതിന് ജനറല്‍ പ്രാക്ടീഷണറെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് കാട്ടൂര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ എ.പി. ഇസ്മായിലിന്‍െറ നേതൃത്വത്തിലാണ് വിവിധ വികസന പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നത്. കുടിവെള്ള പദ്ധതി ഫണ്ട്, ചികിത്സാ സഹായ ഫണ്ട്, ഇന്‍റര്‍ലോക്ക് ഫണ്ട് എന്നിവ പാര്‍ക്കോ ചെയര്‍മാന്‍ പി.എ. റഹ്മാന്‍ മന്ത്രിക്ക് കൈമാറി. വൈസ് പ്രസിഡന്‍റ് നിഷ നെല്ലാട്ട്, ജനപ്രതിനിധികളായ കെ.പി. ചന്ദ്രന്‍, സമീര്‍ പറമ്പത്ത്, പുല്ലാട്ടുമ്മല്‍ അമ്മദ് ഹാജി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി. സാജു, എ. രാഘവന്‍, വി.പി. ചന്ദ്രന്‍, തിലകന്‍, കെ.ടി. പ്രേമന്‍, വി. ഹാറൂണ്‍, ആര്‍.കെ. കുഞ്ഞമ്മദ്, കെ.കെ. ദാമു തുടങ്ങിയവര്‍ സംസാരിച്ചു. കുടിവെള്ള പദ്ധതിക്ക് സ്ഥലം നല്‍കിയ കുനിയില്‍ പോക്കര്‍ ഹാജിയെയും മുല്ളോളി അശോകനെയും ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.