എം.സി.സിയുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുന്നു

തലശ്ശേരി: അര്‍ബുദ രോഗ പഠനങ്ങള്‍ക്കായുള്ള ബിരുദാനന്തര ബിരുദ പഠന-ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്താനുള്ള തീരുമാനം കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍െറ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നു. കേരളത്തിലെ അര്‍ബുദ രോഗ ചികിത്സാ രംഗത്തിനുതന്നെ ഈ തീരുമാനം മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിച്ചത്. മലബാര്‍ കാന്‍സര്‍ സെന്‍ററിലെ നിലവിലെ ചികിത്സാ-പരിശോധനാ സൗകര്യങ്ങളെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍ ഗവേണിങ് ബോഡി മുമ്പാകെ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് ലോകോത്തര നിലവാരത്തിലുള്ളതാണെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയത്. മലബാറിന് കാന്‍സര്‍ സെന്‍ററെന്ന സ്വപ്നത്തിലേക്ക് ജനങ്ങളെ നയിച്ചത് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ്. ആശുപത്രി വളര്‍ച്ചയുടെ ഓരോ പടവുകള്‍ താണ്ടിയതിനു പിന്നിലും അദ്ദേഹത്തിന്‍െറ സാന്നിധ്യമുണ്ടായിരുന്നു. അര്‍ബുദ രോഗത്താല്‍ വലയുന്നവര്‍ക്ക് ആശ്രയമായ ആശുപത്രി ഇനിയും ഏറെ വികസിക്കാനുണ്ട്. ദിവസവും ശരാശരി 30 രോഗികള്‍ എം.സി.സിയില്‍ പുതിയതായി എത്തുന്നുണ്ടെന്നാണ് കണക്ക്. തുടര്‍ ചികിത്സക്കായി വരുന്നത് 300നും 400നും ഇടയില്‍ രോഗികളാണ്. ഒരുകാലത്ത് തിരുവനന്തപുരത്തും മംഗളൂരുവിലുമായിരുന്നു കാന്‍സര്‍ ബാധിതര്‍ ചികിത്സ തേടിയിരുന്നത്. എം.സി.സി യാഥാര്‍ഥ്യമായതോടെ മലബാറിലെ രോഗികള്‍ക്ക് ഏറെ ആശ്വാസമാണുണ്ടായത്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ല എന്നതുള്‍പ്പെടെ പരാധീനതകള്‍ പലതും ഈ ആതുരാലയം നേരിടുന്നുണ്ട്. ഇതിനിടയിലും കേരളത്തിലെ പ്രധാനപ്പെട്ട അര്‍ബുദ ചികിത്സാ കേന്ദ്രങ്ങളിലൊന്നായി മാറാന്‍ കഴിഞ്ഞു. പിണറായി മുഖ്യമന്ത്രിയായതോടെ കാന്‍സര്‍ സെന്‍റര്‍ വികസനം വേഗത്തിലാവുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു. ഞായറാഴ്ച നടന്ന ഗവേണിങ് ബോഡി യോഗ തീരുമാനം ഈ പ്രതീക്ഷ അസ്ഥാനത്താവില്ളെന്ന് വ്യക്തമാക്കുന്നതാണ്. പുതിയ സര്‍ക്കാര്‍ ബജറ്റില്‍ 29 കോടി രൂപ അനുവദിച്ച് ആശുപത്രിയുടെ വികസനത്തിന് നാന്ദി കുറിച്ചിരുന്നു. കാന്‍സര്‍ ചികിത്സാരംഗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്ഥാപനമായാണ് കോടിയേരി അന്തോളിമലയിലെ 25.5 ഏക്കര്‍ സ്ഥലത്ത് 1998 ഏപ്രില്‍ 20ന് എം.സി.സിക്ക് ശിലയിട്ടത്. ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കി 2000 നവംബര്‍ 21ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു. 65 രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യത്തോടെ ആരംഭിച്ച ആശുപത്രിയില്‍ ഇന്ന് 200 കിടക്കകളുണ്ട്. രോഗികളുടെ വര്‍ധനവിനനുസരിച്ച് ഇനിയും സൗകര്യങ്ങള്‍ വേണം. ശസ്ത്രക്രിയ വൈകുന്നതടക്കമുള്ള പരാതികള്‍ പരിഹരിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരും ആവശ്യമാണ്. പീഡിയാട്രിക് ഓങ്കോളജി ബ്ളോക് കെട്ടിട നിര്‍മാണം അവസാനഘട്ടത്തിലാണ്. ബോണ്‍മാരോ ട്രാന്‍സ്പ്ളാന്‍േറഷന്‍ സംവിധാനത്തിന്‍െറ സജ്ജീകരണം പൂര്‍ത്തിയായിവരുന്നു. ആദ്യമായാണ് ഗവേണിങ് ബോഡി യോഗം ആശുപത്രിയില്‍ ചേരുന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍, ആരോഗ്യ കുടുംബക്ഷേമ അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ധനകാര്യ സ്പെഷല്‍ സെക്രട്ടറി ഇ.കെ. പ്രകാശ്, കാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.പി. ശശിധരന്‍, റീജനല്‍ കാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍, പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.