കണ്ണൂര്‍: അഭിമാന നിറവിലാണ് കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍. നല്ലതു ചെയ്തപ്പോഴും അംഗീകരിക്കാന്‍ മടിച്ചുനിന്ന അധികൃതര്‍ ഉള്‍പ്പെടെ ആശംസകളുമായി സ്കൂളിലേക്ക് എത്തുകയാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് നൂറുമേനി കൈവരിച്ച സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ചത് ഈ എയ്ഡഡ് സ്കൂളാണ്. കണ്ണൂര്‍ നഗരപ്രാന്തത്തില്‍ കടമ്പൂര്‍ പഞ്ചായത്തിലെ ഈ വിദ്യാലയം ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ജില്ലയിലെ പ്രധാന സ്കൂളുകളെയെല്ലാം പിന്തള്ളി വലിയ നേട്ടം കൈവരിച്ചത്. 870 കുട്ടികള്‍ പരീക്ഷ എഴുതുകയും എല്ലാവരും വിജയം നേടുകയും ചെയ്തു. കര്‍ശനമെന്നു തോന്നാവുന്ന ചില ചിട്ടകളുണ്ട് കടമ്പൂര്‍ സ്കൂളിന്. സ്കൂളിലേക്ക് കുട്ടികള്‍ വരേണ്ടത് സ്കൂള്‍ ബസിലാണെന്നത് നിര്‍ബന്ധം. ഗതാഗതക്കുരുക്കും വാഹനം കിട്ടാത്തതുമൊന്നും പഠനത്തെ തടസ്സപ്പെടുത്തരുതെന്ന മാനേജ്മെന്‍റിന്‍െറ നിലപാടാണ് ഇതിനു കാരണം. എല്ലാവരെയും സമയത്തിന് എത്തിക്കാന്‍ 40 ബസുകളാണ് ഓടുന്നത്. എസ്.എസ്.എല്‍.സിക്കാരെ കുറച്ച് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പഠിപ്പിക്കുമെന്നതല്ലാതെ കുട്ടികള്‍ക്ക് ഭാരമാകുന്ന രീതിയില്‍ ക്ളാസുകള്‍ നടത്തുന്നില്ല. മേയ് മാസത്തില്‍ ഫലം അറിഞ്ഞാല്‍ ഉടനെ പത്താം ക്ളാസുകള്‍ ആരംഭിക്കും. രാവിലെ മുതലുള്ള പഠനം വൈകീട്ടുവരെ തുടരും. ഓരോ കുട്ടിക്കും പ്രയാസമുള്ള വിഷയങ്ങളേതെന്ന് കണ്ടത്തെി എട്ടാംതരം മുതല്‍ പ്രത്യേക പരിശീലനം നല്‍കുന്ന പദ്ധതിയുമുണ്ട്. അധ്യാപകരും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുക്കുന്നു. കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താനും ആവശ്യമായ സഹായം നല്‍കാനും രക്ഷിതാക്കളുമായി നിരന്തര ബന്ധവുമുണ്ട്. സ്കൂളിന്‍െറ മികവ് അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് വിജയത്തിനു പിന്നിലെന്നും ഹെഡ്മിസ്ട്രസ് പി.എം. സ്മിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.