ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം; ജില്ലാ നേതൃത്വം ഇടപെടുന്നു

നടുവില്‍: സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് വെവ്വേറെ പത്രിക നല്‍കിയ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. നിലവില്‍ നാല് സീറ്റുള്ള മുസ്ലിംലീഗ് ഒരു സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അംഗീകരിച്ചില്ല. ഇതേതുടര്‍ന്ന് പഞ്ചായത്തിലെ 13 വാര്‍ഡിലേക്കും ലീഗ് സ്വന്തമായി പത്രിക നല്‍കുകയായിരുന്നു. ലീഗ് മത്സരിക്കുന്ന വാര്‍ഡുകളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസും പത്രിക നല്‍കി. പ്രശ്ന പരിഹാരത്തിന് നാമനിര്‍ദേശ പത്രികാ സമയം വരെയും രാവും പകലും ചര്‍ച്ച നടത്തിയിട്ടും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഇരുവരും വെവ്വേറെ പത്രികകള്‍ നല്‍കിയത്. വ്യാഴാഴ്ച രാത്രിയാണ് ഇരു വിഭാഗത്തിന്‍െറയും ജില്ലാ നേതൃത്വം തമ്മില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. ചപ്പാരപ്പടവ്, ശാന്തിഗിരി, കൊട്ടക്കാനം, എടക്കോം വാര്‍ഡുകളാണ് നിലവില്‍ ലീഗിന്‍െറ കൈവശമുള്ളത്. ഇതില്‍ കൊട്ടക്കാനം പട്ടികജാതി ജനറലും മറ്റുള്ളവ വനിതാ സംവരണവുമാണ്. ഇതുകൊണ്ട് തന്നെ ജനറല്‍ വാര്‍ഡായ അമ്മംകുളം കൂടി തങ്ങള്‍ക്ക് വേണമെന്നതാണ് ലീഗ് ആവശ്യം. വാര്‍ഡിലെ മൊത്തം വോട്ടിന്‍െറ പകുതിയോളം തങ്ങളുടേതാണെന്നുമാണ് ലീഗിന്‍െറ അവകാശം. എന്നാല്‍, കഴിഞ്ഞ തവണ തങ്ങള്‍ മത്സരിച്ച രണ്ട് സീറ്റുകള്‍ കേരള കോണ്‍ഗ്രസിനും ആര്‍.എസ്.പിക്കുമായി അനുവദിക്കാന്‍ ആവില്ളെന്നുള്ള ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്. ആകെ 18 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.