മാഹി പള്ളി തിരുനാള്‍: ഗതാഗത നിയന്ത്രണം

മാഹി: മാഹി സെന്‍റ് തെരേസാ ദേവാലയത്തിലെ തിരുനാള്‍ ഉത്സവത്തിന്‍െറ പ്രധാന ദിനങ്ങളായ 14, 15 തീയതികളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി മാഹി പൊലീസ് സൂപ്രണ്ട് ദുരൈ മാരിമുത്തു അറിയിച്ചു. 14നും 15നും തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍, ലോറികള്‍ എന്നിവ സെമിത്തേരി റോഡ് വഴി ഭാരതിയാര്‍ റോഡ്, ഐ.കെ. കുമാരന്‍ റോഡുവഴി അഴിയൂര്‍ ചുങ്കം ഭാഗത്തേക്ക് കടന്നുപോകണം. വടകര ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും ആശുപത്രി കവലയില്‍നിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് താഴങ്ങാടി റോഡ്, ടാഗോര്‍ പാര്‍ക്ക് വഴി പൊലീസ് സ്റ്റേഷന്‍ റോഡിലൂടെ മാഹി പാലം ഭാഗത്തേക്ക് പോകണം. ദേശീയപാതയില്‍ സെമിത്തേരി റോഡ് കവല മുതല്‍ ഗവ. ആശുപത്രി കവലവരെയും ഗതാഗതം അനുവദിക്കില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മാഹി കോളജ് മൈതാനത്തും താത്തക്കുളത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപവും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കില്ല. പോക്കറ്റടി, മോഷണം, ചൂതാട്ടം എന്നിവ തടയുന്നതിനും സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനും തിരിച്ചറിയുന്നതിനും പ്രത്യേക ക്രൈംസ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് ഫോണ്‍, ബാഗ്, പൊതികള്‍ എന്നിവ അനുവദിക്കുന്നതല്ല. 14, 15 തീയതികളില്‍ മാഹി ടൗണിലെ മദ്യഷാപ്പുകള്‍ അടച്ചിടും. അനധികൃത മദ്യവില്‍പന തടയുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. കണ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.