പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ നിലവിലുള്ള ഭരണസമിതി പിരിച്ചുവിടാതെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നീക്കം. ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാവുന്ന മുറക്ക് തെരഞ്ഞെടുപ്പ് നടത്താതെ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലൂടെ സര്‍ക്കാര്‍ മേഖലയിലാക്കാന്‍ ധാരണയായതായാണ് സൂചന. ഭരണം നടത്തുന്ന സി.പി.എമ്മും സര്‍ക്കാറും തമ്മിലുണ്ടായേക്കാവുന്ന സംഘര്‍ഷം ഒഴിവാക്കാനാണിത്. സി.പി.എം നേതാവ് എം.വി. ജയരാജന്‍ ചെയര്‍മാനായ ഭരണസമിതിയുടെ കാലാവധി ജനുവരി ഒമ്പതിന് അവസാനിക്കുകയാണ്. ഇതിന് മുമ്പ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനുവരി രണ്ടാംവാരം അധികാര കൈമാറ്റം നടക്കണം. ഇതിനു അനുമതി നല്‍കാതെ ഭരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട് ജനാധിപത്യം അട്ടിമറിച്ചുവെന്ന പഴി കേള്‍ക്കാതെ രക്ഷപ്പെടുകയും ചെയ്യാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കോളജ് ഏറ്റെടുക്കുമെന്ന വാഗ്ദാനം നടപ്പാക്കാനും ഇതിലൂടെ സാധിക്കും. മാത്രമല്ല, സ്ഥാപനം സര്‍ക്കാര്‍ വരുതിയിലായിരിക്കണമെന്ന് ഹൈകോടതി വിധിയും നിലവിലുണ്ട്.ഈമാസം ആദ്യം നടന്ന കോളജ് ഭരണസമിതി യോഗം തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഡിസംബര്‍ 20ന് മെഡിക്കല്‍ കോളജ് പബ്ളിക് സ്കൂളില്‍ വെച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് നിര്‍ദേശിച്ചത്. ഇതിനുമുമ്പ് വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പത്രിക സമര്‍പ്പണം തുടങ്ങിയ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍, ഇതുവരെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് സഹകരണ വകുപ്പ് പച്ചക്കൊടി കാണിച്ചിട്ടില്ളെന്നാണ് അറിയുന്നത്. അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന് കീഴില്‍ അയോഗ്യരായി കണ്ടത്തെിയവരെയും സഹകരണ ചട്ടപ്രകാരമല്ലാതെ നിയമനം ലഭിച്ചവരെയും ഒഴിവാക്കാന്‍ എളുപ്പമാണെന്നും യു.ഡി.എഫ് സര്‍ക്കാര്‍ കരുതുന്നു. ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപ്പെടാമെന്ന കണക്കുകൂട്ടലാണ് ഇതിന് പിന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.