തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : യു.ഡി.എഫില്‍ തീരാചര്‍ച്ച; ഇന്ന് ധാരണയായേക്കും

കണ്ണൂര്‍: കോര്‍പറേഷനിലെ സീറ്റു സംബന്ധിച്ച് യു.ഡി.എഫില്‍ തീരാചര്‍ച്ച. പാതിയോളം സീറ്റ് ലീഗ് ആവശ്യപ്പെട്ടുവെങ്കിലും സമ്മതിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസമുള്ള കോണ്‍ഗ്രസ് നഗരസഭയില്‍ സംഭവിച്ചതു പോലെ ലീഗിന്‍െറ ആധിപത്യം അനുവദിക്കേണ്ടെന്ന നിലപാടിലാണ്. നാല്‍പതില്‍ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. ഇതു മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് ചര്‍ച്ചകളെ കോണ്‍ഗ്രസ് തങ്ങളുടെ വഴിക്ക് നയിക്കുന്നത്. എന്നാല്‍, നഗരസഭയില്‍ തങ്ങള്‍ക്കുള്ള മേല്‍ക്കൈ വെറുതെ വിട്ടുകൊടുക്കാന്‍ ലീഗ് തയാറാകുന്നില്ല. കല്ലും പതിരും വേര്‍തിരിച്ച് മണ്ഡലങ്ങളിലെ വോട്ടുകളും നിരത്തി ഇവര്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നു. ചര്‍ച്ചകള്‍ തുടങ്ങി രണ്ടുതവണ അലസിപ്പിരിഞ്ഞതിനു ശേഷമാണ് ബുധനാഴ്ചയും യോഗം ചേര്‍ന്നത്. എന്നാല്‍, പല കാര്യങ്ങളിലും വിട്ടുവീഴ്ചകളില്ലാത്ത നിലപാട് പാര്‍ട്ടികള്‍ സ്വീകരിച്ചതോടെ യു.ഡി.എഫ് നേതൃത്വം പ്രതിസന്ധിയിലായി. ബുധനാഴ്ച നടന്ന സംസ്ഥാന യു.ഡി.എഫ് നേതൃത്വത്തിന്‍െറ സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാത്രമേ അവസാന തീരുമാനമുണ്ടാവുകയുള്ളൂവെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാര്‍ എ.ഡി. മുസ്തഫ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് യാത്രി നിവാസില്‍ ചേരുന്ന യോഗത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാനാണ് സാധ്യത. ലീഗിന് ശക്തമായ അടിത്തറയുള്ള പല ഡിവിഷനുകളും വനിതാ സംവരണത്തിലായതോടെ പ്രമുഖരില്‍ പലരും ഡിവിഷന്‍ മാറി മത്സരിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, വെല്ലുവിളികളില്ലാതെ മത്സരിക്കാന്‍ പറ്റുന്ന ഡിവിഷനുകള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് അനുകൂലമല്ലാത്തത് ഇവരെ ചൊടിപ്പിക്കുന്നുണ്ട്. ഡിവിഷനുകളുടെ എണ്ണം കുറയാതെ അംഗീകരിപ്പിച്ചെടുക്കുന്നതിന് ഏതറ്റംവരെയും പോകാമെന്ന നിലയിലാണ് ലീഗ്. എല്‍.ഡി.എഫ് അവസാന ലാപ്പിലേക്ക് കണ്ണൂര്‍: കോര്‍പറേഷനിലേക്കുള്ള എല്‍.ഡി.എഫ് സീറ്റ് വിഭജനം ഏതാണ്ട് ധാരണയായി. ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ സി.പി.ഐക്ക് മൂന്നും ജനതാദള്‍ എസിന് രണ്ടും ഐ.എന്‍.എല്ലിനു രണ്ടും കോണ്‍ഗ്രസ് എസ്, എന്‍.സി.പി എന്നിവര്‍ക്ക് ഓരോ സീറ്റു വീതവും നല്‍കാമെന്ന് സി.പി.എം പറഞ്ഞു. എന്നാല്‍, ഏഴു സീറ്റെങ്കിലും തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ സി.പി.ഐയും നാലു സീറ്റ് വേണമെന്ന ആവശ്യത്തില്‍ ജനതാദള്‍ എസും ഉറച്ചുനില്‍ക്കുകയാണ്. ഈ കക്ഷികള്‍ക്ക് നല്‍കുന്ന സീറ്റുകളുടെ എണ്ണത്തില്‍ വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മാറ്റമുണ്ടായേക്കും. കണ്ണൂര്‍ നഗരസഭയിലും കൂട്ടിച്ചേര്‍ത്ത അഞ്ചു പഞ്ചായത്തുകളിലുമായി 129 വാര്‍ഡുകളാണുള്ളത്. ഇവയെല്ലാം ചേര്‍ന്ന് 55 വാര്‍ഡുകളായ സ്ഥിതിക്ക് നേരത്തെ നല്‍കിയ സീറ്റുകളില്‍ നിന്ന് കുറവു മാത്രമേ ആവശ്യപ്പെടാവൂ എന്നായിരുന്നു സി.പി.എമ്മിന്‍െറ നിലപാട്. എന്നാല്‍, ഘടകകക്ഷികള്‍ക്ക് ഈ വാദം അംഗീകരിക്കാനായില്ല. കോര്‍പറേഷനിലെ 55 വാര്‍ഡുകളില്‍ തങ്ങള്‍ക്കാവശ്യമായ പ്രാതിനിധ്യം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അവര്‍. ആര്‍ക്കൊക്കെ ഏതൊക്കെ വാര്‍ഡുകള്‍ നല്‍കുമെന്നതു സംബന്ധിച്ച് വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയിലേ തീരുമാനമാവുകയുള്ളു. എല്‍.ഡി.എഫ് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സീറ്റ് വിഭജനം സംബന്ധിച്ചും ചര്‍ച്ച തുടങ്ങി. സി.പി.ഐ മൂന്ന് സീറ്റും ജനതാദള്‍ എസ് രണ്ടും സീറ്റും ഐ.എന്‍.എല്‍, എന്‍.സി.പി, കോണ്‍ഗ്രസ് എസ്, സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം എന്നിവര്‍ ഓരോ സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.