കണ്ണൂര്‍: അഴീക്കോട്ടും പരിസരങ്ങളിലും പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധിപേര്‍ക്ക് നായ്ക്കളുടെ കടിയേറ്റതോടെ ആളുകള്‍ ഭീതിയിലായി. വീടുകളുടെ വാതിലുകള്‍ അടച്ചിട്ടു. ആളുകള്‍ പുറത്തിറങ്ങാന്‍ ഭയന്നു. വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയവര്‍ നടന്നുപോകാന്‍ ഭയന്ന് ഓട്ടോറിക്ഷകളെയും മറ്റു വാഹനങ്ങളെയും ആശ്രയിച്ചു. അതേ സമയം, തെരുവുനായ്ക്കളുടെ വിളയാട്ടത്തില്‍ നിന്ന് നാട്ടുകാരെ സഹായിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യാത്തത് കടുത്ത പ്രതിഷേധത്തിനും ഇടയാക്കി. ഞായറാഴ്ച രാവിലെ മുതല്‍ വൈകീട്ടുവരെ അഴീക്കോട്, കപ്പക്കടവ്, മൂന്നുനിരത്ത് എന്നിവിടങ്ങളിലായി രണ്ടര വയസ്സുള്ള കുട്ടിയടക്കം 20 ഓളം പേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്. രാവിലെ മുതല്‍ വൈകീട്ട് വരെ ഈ പ്രദേശത്തുനിന്ന് ആളുകള്‍ ആശുപത്രിയിലേക്ക് പ്രവഹിക്കുകയായിരുന്നു. പ്രകോപനമില്ലാതെ നായ്ക്കള്‍ ഓടിവന്ന് ആക്രമിക്കുന്ന സ്ഥിതിയാണുണ്ടായത്. വീട്ടിനകത്തുണ്ടായിരുന്നവര്‍ക്കും വരാന്തയില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കും പറമ്പില്‍ ജോലികളിലേര്‍പ്പെട്ടവര്‍ക്കും രക്ഷകിട്ടിയില്ല. ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് കപ്പക്കടവിലെ ഹൈഫ (മൂന്നര) തെരുവ് നായയുടെ ആക്രമണത്തിനിരയായത്. മുഖത്തിന്‍െറ ഇരുഭാഗത്തും കടിച്ചുകീറിയ നിലയിലാണ്. ഉച്ചയോടെ വീട്ടു വരാന്തയില്‍ കളിക്കുമ്പോഴാണ് ഓടിവന്ന നായ രണ്ടര വയസ്സുകാരന്‍ അനഘിന്‍െറ കഴുത്തിന് കടിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ നായ ഓടിമറഞ്ഞു. രാവിലെ വീട്ടുമുറ്റത്തെ പുല്ലുകള്‍ നീക്കുകയായിരുന്ന മൂന്നുനിരത്തിലെ പത്മിനിയുടെ കൈയില്‍, ഓടിവന്ന നായ കടിച്ചുതൂങ്ങുകയാണുണ്ടായത്. കരഞ്ഞു ബഹളമുണ്ടാക്കിയിട്ടും കടിവിടാതെ നായ ഇവരെ തറയില്‍ വലിച്ചിഴച്ചു. കൈത്തണ്ടയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വീടിന്‍െറ ചവിട്ടുപടി വൃത്തിയാക്കുമ്പോഴാണ് കപ്പക്കടവിലെ സമീറയെ നായ കടിച്ചത്.തെരുവ് നായ്ക്കളുടെ അക്രമം വ്യാപകമായതോടെ ഇവയെ പിടികൂടാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മയ്യില്‍ ചെറുപഴശ്ശി മേഖലയിലും കണ്ണൂര്‍ സിറ്റി, വാരം, മാവിലായി, എടക്കാട് എന്നിവിടങ്ങളിലും നിരവധി പേര്‍ നായ്ക്കളുടെ ആക്രമണത്തിനിരകളായി. അറവുശാലകളില്‍നിന്നുള്ള മാലിന്യങ്ങള്‍ ഉള്‍പ്പെടെ മാംസാവശിഷ്ടങ്ങളും അസ്ഥികളും പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതാണ് തെരുവു നായ്ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.