ജില്ലാ സ്കൂള്‍ കായിക മേള റെക്കോഡ് തകര്‍ക്കും മേള

കണ്ണൂര്‍: മീറ്റ് റെക്കോഡുകള്‍ പഴങ്കഥയാക്കി കണ്ണൂര്‍ ജില്ലാ സ്കൂള്‍ കായിക മേളയില്‍ മികവിന്‍െറ തിളക്കം. ആദ്യ ദിനത്തില്‍ തന്നെ തുടങ്ങിയ റെക്കോഡ് ഭേദനം വെള്ളിയാഴ്ചയും ആവര്‍ത്തിച്ചു. എട്ട് പുതിയ റെക്കോഡുകളാണ് രണ്ടാം ദിനം പിറന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ജി.വി.എച്ച്.എസ്.എസ് കണ്ണൂരിലെ സ്റ്റെല്ല മേരിയാണ് രണ്ടാം ദിനത്തിലെ ആദ്യ റെക്കോഡ് തകര്‍ത്ത പ്രകടനം കാഴ്ചവെച്ചത്. ജി.വി.എച്ച്.എസ്.എസിലെ സി.എല്‍. അശ്വതി 2010ല്‍ സ്ഥാപിച്ച 11:28:33 സെക്കന്‍ഡ് സമയം 11:22:41 സെക്കന്‍ഡായാണ് സ്റ്റെല്ല മറികടന്നത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വളപട്ടണം താജുല്‍ ഉലൂം ഇ.എം.എച്ച്.എസിലെ സി.വി. മുബഷിര്‍ പുതിയ ദൂരം കുറിച്ചു. നിലവിലുള്ള 11.37 മീറ്റര്‍ ദൂരം 11.90 ആയാണ് മുബഷിര്‍ മെച്ചപ്പെടുത്തിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ നിലവിലുള്ള റെക്കോഡായ 8.41 മീറ്റര്‍ രണ്ടുപേര്‍ മറികടന്നു. ജി.വി.എച്ച്.എസ്.എസിലെ വി.വി. അര്‍ഷാന 9.17 മീറ്റര്‍ ദൂരം എറിഞ്ഞാണ് പുതിയ റെക്കോഡ് കണ്ടത്തെിയത്. ജി.വി.എച്ച്.എസ്.എസിലെ ലിബി മോള്‍ സിബി 8.60 മീറ്റര്‍ ദൂരം എറിഞ്ഞ് നിലവിലെ റെക്കോഡ് മറികടന്ന പ്രകടനവും കാഴ്ചവെച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സാന്‍തോം എച്ച്.എസ്.എസിലെ അമല്‍ തോമസും മീറ്റ് റെക്കോഡ് മറികടന്നു. 0:16:49 സെക്കന്‍ഡ് 0:16:03 ആയാണ് അമല്‍ മെച്ചപ്പെടുത്തിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ എന്‍.എസ്.എസ്.എച്ച്.എസ്.എസിലെ ആല്‍ഫിന്‍ ജോസ് 30.93 മീറ്റര്‍ എറിഞ്ഞ് പുതിയ റെക്കോഡിന് ഉടമയായി. 30.88 മീറ്ററാണ് നിലവിലുള്ള റെക്കോഡ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ പുതിയ റെക്കോഡ് പിറന്നു. ജി.വി.എച്ച്.എസ്.എസിലെ സ്റ്റെല്ല മേരി 2:26:62 സമയത്തില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോഡ് സൃഷ്ടിച്ചത്. 2:27:99 ആണ് നിലവിലുള്ള റെക്കോഡ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ സായി തലശ്ശേരിയിലെ ഡെല്‍ന ഫിലിപ്പ് 0:26:48 സെക്കന്‍ഡ് എന്ന പുതിയ സമയം കണ്ടത്തെി. സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്.എസിലെ പി. സായന്ത് 34.75 മീറ്റര്‍ എറിഞ്ഞ് പുതിയ റെക്കോഡിന് അവകാശിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.