ശബ്ദസംവിധാന പാഠങ്ങളുമായി സതീഷ്

തലശ്ശേരി: ചലച്ചിത്ര രംഗത്തെ ശബ്ദസംവിധാന പാഠങ്ങളുമായി, സിനിമക്ക് മുമ്പേ സഞ്ചരിക്കുന്നവരെ കുറിച്ച് പറഞ്ഞ് ബ്രണ്ണന്‍ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ശബ്ദ സംവിധായകന്‍ പി.എം. സതീഷ്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയില്‍ അടക്കം സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ച സതീഷ് നയിച്ച ശില്‍പശാല തലശ്ശേരിക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. ഗവ. ബ്രണ്ണന്‍ കോളജിന്‍െറ ശതോത്തര രജത ജൂബിലി ആഘോഷത്തിന്‍െറ ഭാഗമായി നടക്കുന്ന സാഹിത്യോത്സവത്തോടനുബന്ധിച്ചാണ് സതീഷിന്‍െറ ശില്‍പശാല അരങ്ങേറിയത്. ശബ്ദലേഖനത്തെ പ്രേക്ഷകര്‍ തിരിച്ചറിയാതിരിക്കുക എന്നതിനുള്ള ശ്രമമാണ് ശബ്ദ ലേഖകന്‍ ചെയ്യുന്നതെന്ന് സതീഷ് പറഞ്ഞു. തങ്ങളുടെ പ്രയത്നം പ്രേക്ഷകര്‍ തിരിച്ചറിയരുത്. 400ലധികം ട്രാക്കുകള്‍ പരീക്ഷിച്ച ശേഷമാവും ഒരു സീനില്‍ ആവശ്യമായ ശബ്ദം തെരഞ്ഞെടുക്കുക. വ്യക്തിപരമായി ശബ്ദമേറിയ സിനിമകള്‍ ഇഷ്ടപ്പെടുന്നില്ളെങ്കിലും കേരളത്തിലെ പ്രേക്ഷകര്‍ ഉച്ചത്തിലുള്ള ശബ്ദം ഇഷ്ടപ്പെട്ടു തുടങ്ങിയതായി സതീഷ് പറഞ്ഞു. പരിചയമുള്ള ശബ്ദങ്ങളിലൊഴികെ ശബ്ദ സംവിധായകന് പരീക്ഷണങ്ങളാവാം. കാര്‍ ചേസിനും മറ്റും ട്രെയിന്‍ സഞ്ചരിക്കുന്ന ശബ്ദമാണ് ഉപയോഗിക്കുക -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 11 മാസമെടുത്താണ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ശബ്ദലേഖനം പൂര്‍ത്തിയാക്കിയത്. സാധാരണ അഞ്ച് വരെ മാസങ്ങളാണ് ഒരു ചിത്രത്തിനെടുക്കാറുള്ളത്. വെള്ളച്ചാട്ടങ്ങളും പ്രകൃതി ദൃശ്യങ്ങളും ഉള്‍പ്പെടെ ശബ്ദമൊരുക്കുക ഏറെ പ്രയാസകരമായിരുന്നു. സ്പെഷല്‍ ഇഫക്ട്സ് കൂടി ഉള്‍പ്പെടുത്തിയാണ് ചിത്രം പുറത്തിറങ്ങുക എന്നതിനാല്‍ അത്രയും ദൈര്‍ഘ്യമേറുന്ന സീനുകള്‍ക്ക് ദൃശ്യങ്ങള്‍ കാണാതെ ശബ്ദമൊരുക്കേണ്ടതായി വന്നു. 10 വര്‍ഷം മുമ്പ് നയാഗ്ര വെള്ളച്ചാട്ടം സന്ദര്‍ശിച്ചപ്പോള്‍ ശേഖരിച്ച ശബ്ദമുള്‍പ്പെടെ ബാഹുബലിയിലെ വെള്ളച്ചാട്ടത്തിന് ശബ്ദമേകി. ദൃശ്യങ്ങള്‍ ചിത്രീകരിച്ച അതിരപ്പള്ളി വെള്ളച്ചാട്ടത്തിലുടനീളം കയറും ക്രെയിനുമുപയോഗിച്ച് സഞ്ചരിച്ച് വിവിധ ഭാഗങ്ങളിലെ ശബ്ദം ഒപ്പിയെടുത്തു -സതീഷ് പറഞ്ഞു. മീര നായരുടെ ഹോളിവുഡ് ചിത്രം റിലക്ടന്‍റ് ഫണ്ടമെന്‍റലിസ്റ്റ്, പാന്‍ നളിനിന്‍െറ ഫെയ്ത്ത് കണക്ഷന്‍സ്, ആനിമേഷന്‍ ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ താന്‍ ശബ്ദ സംവിധാനം നിര്‍വഹിച്ച ചിത്രങ്ങളുടെ ഉദാഹരണ സഹിതമാണ് സതീഷ് ശബ്ദസംവിധാനമെന്ന കലയെ വരച്ചുകാട്ടിയത്. ദിലീപ് രാജ് അതിഥിയെ പരിചയപ്പെടുത്തി. എന്‍. പ്രഭാകരന്‍ ഉപഹാരം നല്‍കി. പ്രഫ. നമിത സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.