ജി.ഐ.ഒ അവാര്‍ഡ് വിതരണവും മാഗസിന്‍ പ്രകാശനവും

കണ്ണൂര്‍: അധ്യാപക ദിനാചരണത്തിന്‍െറ ഭാഗമായി ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും മാഗസിന്‍ പ്രകാശനവും നടത്തി. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന ഉദ്ഘാടനം ചെയ്തു. മുന്‍കാല കേരള സാഹിത്യത്തിലെ കഥാകൃത്തുക്കള്‍ പരിചയപ്പെടുത്തിയ അധ്യാപകര്‍ സാമൂഹിക പ്രതിബദ്ധതയുടെയും പ്രശ്ന പരിഹാരത്തിന്‍െറയും കേന്ദ്ര കഥാപാത്രങ്ങളായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഭാവിതലമുറയുടെ പാത വെട്ടിത്തെളിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ അവരില്‍നിന്ന് സമൂഹം പ്രതീക്ഷിക്കുന്നതും അത്തരത്തില്‍ ഒന്നാണ്. അതുകൊണ്ടു തന്നെ ഗുരുക്കന്മാരെക്കുറിച്ച് അധ്യാപകര്‍ കുറിക്കുന്ന കുറിപ്പുകളും അത്തരത്തിലുള്ളതാണ് -പി. റുക്സാന പറഞ്ഞു. ‘റെഡ് ഇന്‍ക് എ ഗിഫ്റ്റ് ഫോര്‍ ഓള്‍ ടീച്ചേഴ്സ്’ എന്ന മാഗസിന്‍ പ്രകാശനം എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നിര്‍വഹിച്ചു. ഒരു നാടിന്‍െറ സര്‍ഗാത്മക ഉണര്‍വ് നഷ്ടപ്പെടുമ്പോഴാണ് പരസ്പര ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടുകയെന്നും ഈ ദൗത്യത്തിന് മുന്നൊരുക്കം നടത്തേണ്ട അധ്യാപകരെ ഇത്തരത്തില്‍ പ്രചോദിപ്പിക്കുന്ന സംരംഭങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പ്രഫ. കെ.എ. സരള മാഗസിന്‍ ഏറ്റുവാങ്ങി. അധ്യാപക ദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ കണ്ണൂര്‍ ജില്ലയിലെ അധ്യാപകര്‍ക്കായി നടത്തിയ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വിതരണം ചെയ്തു. ജി.ഐ.ഒ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ടി.പി. അശീറ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.എ. സരള, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.എം. മഖ്ബൂല്‍, പ്രോഗ്രാം കണ്‍വീനര്‍ ആരിഫ എന്നിവര്‍ സംസാരിച്ചു. ജുമൈല ഖിറാഅത്ത് നടത്തി. ഷഹ്സാന കവിതാലാപനം നടത്തി. ജില്ലാ സെക്രട്ടറി കെ.കെ. നാജിയ സ്വാഗതവും ജുമാന അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.