ഈ നൊമ്പരത്തിന്‍െറ ഭാഷ ‘കണ്ണീര്‍’ മാത്രം

ഇരിട്ടി: മനസ്സിന്‍െറയും ജീവിതത്തിന്‍െറയും താളംതെറ്റി, ചോര്‍ന്നൊലിക്കുന്ന കൂരക്ക് കീഴില്‍ ജീവിതം തള്ളിനീക്കുകയാണ് ഊമയായ ആദിവാസി യുവതി ശാന്ത. കീഴ്പ്പള്ളി വിയറ്റ്നാമിനടുത്ത ആറളം ഫാം ബ്ളോക് 55ലെ ആദിവാസി യുവതിയാണ് അധികൃതരുടെ കനിവും കാത്ത് കഴിയുന്നത്. 18ാം വയസ്സിലാണ് ശാന്തക്ക് മാനസികാസ്വാസ്ഥ്യം കണ്ടുതുടങ്ങിയത്. സാമ്പത്തിക പ്രയാസം മൂലം ചികിത്സിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാല്‍, സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ആവശ്യമായ സഹായമോ സാമ്പത്തിക സഹായമോ ലഭിക്കാത്തതിനാല്‍ വയസ്സ് 35 ആയിട്ടും കൂരയില്‍ പലവിധ രോഗങ്ങളാല്‍ അവിവാഹിതയായി കഴിയുകയാണ് ഇവര്‍. മാതാവ് മാതുവിന്‍െറ കൂടെയാണ് താമസം. ചുറ്റും ബന്ധുക്കളുടെ വീടുകളുമുണ്ട്. ഇവരുടെ പരിചരണത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. പ്ളാസ്റ്റിക് കെട്ടിയ കൂരയിലാണ് വെയിലും മഴയുമേറ്റ് കഴിയുന്നത്. ഒപ്പം കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യവും. നേരത്തെ ചതിരൂര്‍ 110 കോളനിയിലായിരുന്നു. അവിടെനിന്നാണ് ശാന്ത അമ്മയുടെ കൂടെ ഫാമിലെ ബ്ളോക് 55ല്‍ എത്തിയത്. ആരോഗ്യവകുപ്പും എസ്.ടി പ്രമോട്ടര്‍മാരും ശാന്തയുടെ കാര്യത്തില്‍ കാര്യമായ നടപടി എടുത്തില്ളെന്ന് പരാതിയുണ്ട്. ആരോഗ്യവകുപ്പിന്‍െറ വാഹനം കോളനിയുടെ ഒരു കിലോമീറ്റര്‍ അകലെ വന്നാല്‍ കോളനിക്കാര്‍ അങ്ങോട്ടുപോയി ചികിത്സിക്കേണ്ടുന്ന അവസ്ഥയാണെന്ന് കോളനിവാസികള്‍ പറയുന്നു. ശാന്തയുടെ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കാര്യമായ ചികിത്സ നടത്തിയാല്‍ ഒരു പരിധി വരെ ഇന്നുള്ള അവസ്ഥയില്‍നിന്ന് മോചിതയാക്കാന്‍ കഴിയുമെന്നും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.