ഡി.എ നടപ്പാക്കിയില്ല: ജില്ലയിലെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ പണിമുടക്കിലേക്ക്

കണ്ണൂര്‍: രണ്ടു വര്‍ഷമായിട്ടും ഡി.എ ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ജീവിത സൂചികയുടെ അടിസ്ഥാനത്തില്‍ ഡി.എ നല്‍കുമെന്ന് ഉറപ്പു നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഉടമകള്‍ വാക്കു പാലിക്കാന്‍ തയാറാകാത്തതും അധികൃതര്‍ നടപ്പില്‍ വരുത്താന്‍ നിര്‍ദേശം നല്‍കാത്തതുമാണ് പണിമുടക്കിലേക്ക് കാര്യങ്ങള്‍ നീക്കുന്നതെന്ന് ഡിസ്ട്രിക്ട് ഫ്യൂവല്‍ എംപ്ളോയീസ് യൂനിയന്‍ ജില്ലാ സെക്രട്ടറി എ. പ്രേമരാജന്‍ പറഞ്ഞു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് പ്രതിദിനം 150 രൂപയാണ് ലഭിക്കുന്നത്. 500 രൂപയെങ്കിലും കിട്ടിയില്ളെങ്കില്‍ ജീവിക്കാനാവാത്ത സ്ഥിതിയിലാണ് ജീവനക്കാര്‍. ഡി.എ കൂടി ലഭിക്കാതാവുമ്പോള്‍ ജീവനക്കാര്‍ കൂടുതല്‍ പ്രതിസന്ധിയനുഭവിക്കുന്നു. 2014 ജനുവരി ഒന്നു മുതല്‍ ഡി.എ നല്‍കുമെന്നായിരുന്നു കോഴിക്കോട് റീജനല്‍ ജോയന്‍റ് ലേബര്‍ കമീഷണറുടെ മുമ്പാകെ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നത്. എന്നാല്‍ ഇത് നടപ്പിലായില്ല. ഷോപ്പ് എസ്റ്റാബ്ളിഷ്മെന്‍റ് ആക്ടില്‍ പറയുന്ന ഏണ്‍ ലീവ്, കാഷ്വല്‍ ലീവ്, മെഡിക്കല്‍ ലീവ് എന്നിവയൊന്നും ജീവനക്കാര്‍ക്ക് നല്‍കുന്നില്ല. ഇ.എസ്.ഐ നടപ്പിലാക്കുന്നതിന് ബാധ്യതയുണ്ടെങ്കിലും അതിനും ഉടമകള്‍ തയാറാവുന്നില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരത്തിലേക്കു നീങ്ങുന്നത്. സമരം എന്ന് ആരംഭിക്കുമെന്നത് പിന്നീട് തീരുമാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.