മൂന്നാർ: പള്ളിവാസലിൽ അനധികൃതമായി നിർമിച്ച 14നില ബഹുനില കെട്ടിടത്തിൻെറ പ്രവർത്തനാനുമതിയും അനുബന്ധരേഖകളും പള് ളിവാസൽ പഞ്ചായത്ത് സെക്രട്ടറി റദ്ദുചെയ്തു. പള്ളിവാസൽ പഞ്ചായത്തിലെ 9/15ൽ (1) വിച്ചുസ് കൺസ്ട്രക്ഷൻ ഉടമ കെ.വി. ജോസിൻെറ ഉടമസ്ഥതയിലെ കെട്ടിടത്തിൻെറ പ്രവർത്തനാനുമതിയാണ് തിങ്കളാഴ്ച അടിയന്തര പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതിയോടെ സെക്രട്ടറി ഹരി പുരുഷോത്തമൻ റദ്ദുചെയ്തത്. 2010 ജൂലൈ 19നാണ് കെട്ടിടത്തിന് പഞ്ചായത്ത് പ്രവർത്തനാനുമതി നൽകിയത്. ദേവികുളം സബ് കലക്ടറായിരുന്ന രാജമാണിക്യം കെട്ടിടത്തിനു നിർമാണ അനുമതി നിഷേധിച്ചതിനെ തുടർന്ന് കോടതിയിൽനിന്ന് സമ്പാദിച്ച ഉത്തരവ് കാട്ടി ഉടമകൾ പഞ്ചായത്തിൽനിന്ന് അനുമതി നേടുകയായിരുന്നു. ചിത്തിരപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൻെറ ഭൂമി കൈയേറിയാണ് കെട്ടിടം നിർമിച്ചതെന്ന് ആരോപണമുയരുകയും ആശുപത്രി അധികൃതർ റവന്യൂ വകുപ്പിനു പരാതി നൽകുകയും ചെയ്തിരുന്നു. ആശുപത്രി കവാടമടക്കം അടച്ച് നിർമിച്ച കെട്ടിടത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നതോടെയാണ് നടപടിയുമായി റവന്യൂ വകുപ്പ് രംഗത്തെത്തിയത്. അതിനിടെ സബ് കലക്ടർ സ്ഥലംമാറി. ശ്രീറാം വെങ്കിട്ടരാമൻ ദേവികുളം സബ് കലക്ടറായി ചുമതലയേറ്റതോടെ പ്രശ്നങ്ങൾ വീണ്ടും സങ്കീർണമായി. കവാടം അടച്ച് നിർമിച്ച നിർമാണം പൊളിച്ചുനീക്കി. ഹൈകോടതിയുടെ നിർദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി. കഴിഞ്ഞദിവസം ദേവികുളം സബ് കലക്ടർ രേണുരാജ് കെട്ടിടത്തിൻെറ പ്രവർത്തനാനുമതി റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ആശുപത്രി വിപുലീകരണത്തിനായി മാറ്റിയിട്ടിരുന്ന ഭൂമിയിലാണ് വ്യാജരേഖകളുടെ പിൻബലത്തിൽ കെട്ടിടം നിർമിച്ചത്. പള്ളിവാസൽ പഞ്ചായത്തിൽ രണ്ട് കെട്ടിടമാണ് ഇത്തരത്തിൽ ഒരേ സമയം നിർമാണം ആരംഭിച്ചത്. മറ്റൊരു കെട്ടിടം ഇയാളുടെ ബന്ധുവിേൻറതാണ്. 25 കെട്ടിടങ്ങളാണ് പള്ളിവാസൽ പഞ്ചായത്തിൽ മാത്രം റവന്യൂ വകുപ്പിൻെറ അനുമതിയില്ലാതെ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ഇവയിൽ പലതും പ്രവർത്തനം ആരംഭിച്ചവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.