സാമ്പത്തികസ്​ഥിതി: യു.ഡി.എഫ് ധവളപത്രം ഇറക്കും -രമേശ് ചെന്നിത്തല

തൊടുപുഴ: സംസ്ഥാനത്തിൻെറ സാമ്പത്തികസ്ഥിതി സംബന്ധിച്ച് യു.ഡി.എഫ് ധവളപത്രം ഇറക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുസർക്കാറിൻെറ വികല സാമ്പത്തികനയം കേരളത്തിൻെറ സാമ്പത്തികവ്യവസ്ഥ തകർത്തിരിക്കുകയാണ്. പ്രളയത്തിൽ തകർന്ന കേരളജനതയെ കൈപിടിച്ചുയർത്താൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. കാർഷിക മേഖലയുടെ തകർച്ച സമ്പദ്വ്യവസ്ഥയുടെ തകർച്ച പൂർണമാക്കി. 19 കർഷകർ കേരളത്തിൽ ആത്മഹത്യ ചെയ്തു. കർഷകരെ സഹായിക്കാൻ ചെറുവിരലനക്കാത്ത സർക്കാർ പാവപ്പെട്ടവരെ കടക്കെണിയിലാക്കുന്ന പ്രവർത്തികളുമായി മുന്നോട്ട് പോവുകയാണ്. സാമ്പത്തിക പാപ്പരത്തം കൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് പിടിച്ചെടുത്തത്. ഗ്രാമീണ മേഖലയുടെ വികസനത്തിന് നേതൃത്വം കൊടുക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങളെ തകർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. തൊടുപുഴയിൽ പാർട്ടി നേതൃപരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ അധ്യക്ഷത വഹിച്ചു. സമകാലിക രാഷ്ട്രീയത്തിൽ കോൺഗ്രസിൻെറ പ്രസക്തി എന്ന വിഷയത്തിൽ രാഷ്ട്രീയ നിരൂപകൻ അഡ്വ. ജയശങ്കർ ക്ലാസ് നയിച്ചു. മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പി.ടി. തോമസ് എം.എൽ.എ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ എം.പി, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി മൺവിള രാധാകൃഷ്ണൻ, സെക്രട്ടറി ഫിലിപ്പ് ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.