വികസനമെത്താതെ ​പൈനാവ്​* അടിസ്​ഥാന സൗകര്യങ്ങളുടെ അഭാവം വെല്ലുവിളി

ചെറുതോണി: പൈനാവിൽ അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്ക് കലക്റേറ്റിലെത്തുന്നവരും വിദ്യാർഥികളും വലയുന്നു. ജില്ല രൂപവത്കരിക്കുന്നതിനു മുമ്പ് തന്നെയുള്ള ടൗണാണ് പൈനാവ്. അക്കാലത്ത് മൂന്നാം മൈൽ, എന്നാണ് പൈനാവ് അറിയപ്പെട്ടിരുന്നത്. ഇടുക്കി ജില്ലയായി പ്രഖ്യാപിച്ചശേഷം കലക്ടറേറ്റ് താൽക്കാലികമായി കോട്ടയത്താണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പൈനാവിലേക്ക് മാറ്റി. പൈനാവിലെ താൽക്കാലിക കെട്ടിടത്തിൽനിന്നാണ് കുയിലിമലയിലേക്ക് കലക്ടറേറ്റ് മാറ്റിയത്. എന്നാൽ, കുയിലിമലയിലെത്തുന്നവർ ഭക്ഷണം കഴിക്കാനും മറ്റാവശ്യങ്ങൾക്കും പൈനാവിനെയാണ് ആശ്രയിക്കുന്നത്. പൈനാവിലെത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് കംഫർട്ട് സ്റ്റേഷൻ ഇല്ലാത്തതാണ് ഏറെ വിഷമിപ്പിക്കുന്നത്. ദൂരയാത്ര കഴിഞ്ഞെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രമില്ല, കുടിവെള്ളം കിട്ടുന്നതിനു പൊതുടാപ്പില്ല. സർക്കാർ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് പൈനാവിലാണ്. ഇവിടെ നൂറുകണക്കിനു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഗവ. എൻജിനീയറിങ് കോളജ്, പോളിടെക്നിക്, എം.ആർ.എസ് സ്കൂൾ, കേന്ദ്രീയവിദ്യാലയം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് കുട്ടികൾ പൈനാവിലും സമീപങ്ങളിലുമായി പഠിക്കുന്നുണ്ട്. ട്രഷറി ഓഫിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച്, പൊതുമരാമത്ത് വകുപ്പ് ഓഫിസ്, വാട്ടർ അതോറിറ്റി, കലക്ടറേറ്റ് , ഡി.എം.ഒ ഓഫിസ്, ജില്ല പൊലീസ് മേധാവിയുടെ ഓഫിസ്, ആർ.ടി.ഒ, ജില്ല പഞ്ചായത്ത് ഓഫിസ് തുടങ്ങി വിവിധ ഓഫിസുകളിൽ എത്തുന്നവരും പൈനാവിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ഇവിടെയെത്തുന്നവർക്ക് അടിസ്ഥാന സൗകര്യം ഏർപ്പെടുത്താതെ സർക്കാർ അവഗണിക്കുകയാണ്. ടൗണിലെ ചില വ്യാപാരശാലകൾക്ക് പട്ടയം നൽകിയിട്ടുണ്ടെങ്കിലും കെട്ടിടം പണിയുന്നതിന് സാങ്കേതിക തടസ്സമുണ്ട്. ജില്ല ആസ്ഥാന ടൗണായ പൈനാവിൽ അടിസ്ഥാന സൗകര്യം ഉടൻ ഏർപ്പെടുത്തണമെന്നാണ് ഇവിടെ എത്തുന്നവർക്കും പറയാനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.