മാങ്കുളം ഗ്രാമം കുടിയൊഴിയുന്നു

മാങ്കുളം: കാട്ടുമൃഗങ്ങളും നിയന്ത്രണങ്ങളും സൈ്വരജീവിതത്തിനു തടസ്സമായതോടെ മാങ്കുളത്തുനിന്ന് കര്‍ഷകര്‍ കുടിയൊഴിയുന്നു. 1967 മുതലാണ് കുടിയേറ്റക്കാര്‍ മാങ്കുളത്ത് എത്തിയത്. 1971ലെ കണ്ണന്‍ ദേവന്‍ ലാന്‍ഡ് റിസംപ്ഷന്‍ ആക്ടിന്‍െറ ചുവടുപിടിച്ച് ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയുടെ അവകാശികളായത്തെിയവരാണ് രണ്ടാമത്തെ കൂട്ടര്‍. ഇവര്‍ 1975 മുതല്‍ മാങ്കുളത്ത് എത്തിയെങ്കിലും 80ലാണ് ഭൂമി അവകാശമായി ലഭിച്ചത്. കുടിയേറ്റത്തിന്‍െറ 50ാം വാര്‍ഷികത്തില്‍ എത്തുമ്പോള്‍ ആദ്യകാല കുടിയേറ്റ കുടുംബങ്ങള്‍ പലതും ഇന്ന് മാങ്കുളത്തില്ല. കാട്ടുമൃഗങ്ങളും സര്‍ക്കാര്‍ നിയന്ത്രണങ്ങളും സൈ്വരജീവിതത്തിനു തടസ്സമാകുന്നത് മുന്‍കൂട്ടി മനസ്സിലാക്കിയ പലരും സാമാന്യം ഭേദപ്പെട്ട വില കിട്ടിയപ്പോള്‍ ഉള്ള ഭൂമി വിറ്റൊഴിഞ്ഞ് മടങ്ങി. ആനക്കുളത്ത് അഞ്ചു വര്‍ഷത്തിനകം 50 കുടുംബങ്ങളാണ് കുറഞ്ഞത്. മാങ്കുളത്ത് കെ.എസ്.ഇ.ബി ജലവൈദ്യുതി പദ്ധതിക്കായി ഭൂമി ഏറ്റെടുത്തവരില്‍ പലരും മാങ്കുളത്ത് തങ്ങാതെ മറ്റ് മേച്ചില്‍ പുറങ്ങള്‍ തേടി. ആറാംമൈല്‍ പ്രദേശത്ത് തൊഴില്‍ തേടി എറണാകുളം, പെരുമ്പാവൂര്‍ മേഖലകളിലേക്ക് നിരവധി കുടുംബങ്ങളാണ് പോയത്. മാങ്കുളം പഞ്ചായത്തിന്‍െറ പ്രവേശന കവാടമായ വിരിപാറയില്‍ നാമമാത്ര കുടുംബങ്ങള്‍ക്കാണ് നിലവില്‍ ഭൂമി കൈവശമുള്ളത്. വിതരണം ചെയ്ത സര്‍ക്കാര്‍ ഭൂമിയില്‍ ഭൂരിപക്ഷവും റിസോര്‍ട്ട് ഉടമകളുടെ കൈയിലായി. വിരിപാറയില്‍ മാത്രം 25ലധികം റിസോര്‍ട്ടുകളാണ് നിര്‍മിക്കുന്നത്. മാങ്കുളം പഞ്ചായത്തില്‍ വെള്ളച്ചാട്ടങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലെല്ലാം റിസോര്‍ട്ട് നിര്‍മാണം തകൃതിയാണ്. കോഴിവാലന്‍കുത്ത്, പെരുമ്പന്‍കുത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ കെട്ടിട നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. മാങ്കുളം പഞ്ചായത്തിന്‍െറ ഹൃദയഭാഗമായ ചിന്നാര്‍കുത്തിലും താളുംകണ്ടത്തും തദ്ദേശവാസികള്‍ റിസോര്‍ട്ടുകള്‍ നിര്‍മിച്ച് വിനോദ സഞ്ചാരികളെ ക്ഷണിച്ചു തുടങ്ങി. 2011ലെ സെന്‍സസ് പ്രകാരം 10 വര്‍ഷത്തിനിടെ ജനസംഖ്യ കുറയുന്ന ഗ്രാമങ്ങളിലൊന്നാണ് മാങ്കുളം. മാങ്കുളത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും ഇഷ്ടപ്പെട്ട് ഭൂമി വാങ്ങി ഇട്ടിരിക്കുന്ന എറണാകുളം സ്വദേശികള്‍ നൂറുകണക്കിനുണ്ട്. നിലവിലുള്ള താമസക്കാരില്‍ ഭൂരിപക്ഷവും ഭൂമി വിട്ടൊഴിഞ്ഞ് മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറാനുള്ള ഒരുക്കത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.