സമ്പൂര്‍ണ വൈദ്യുതീകരണം: തടസ്സങ്ങളേറെ

തൊടുപുഴ: ഇടുക്കി ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം യാഥാര്‍ഥ്യമാകാന്‍ തടസ്സങ്ങളേറെ. മാര്‍ച്ച് 31ന് സംസ്ഥാനം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് എത്താനുള്ള നടപടി പുരോഗമിക്കുന്നതിനിടെ മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇടുക്കിയിലെ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര കാര്യക്ഷമമല്ളെന്ന വിലയിരുത്തല്‍. ജില്ലയില്‍ 295 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസുകളാണുള്ളത്. ഭൂരിഭാഗം ഓഫിസുകളുടെയും പരിധിയില്‍ വൈദ്യുതീകരണം 40 ശതമാനം പോലും ആയിട്ടില്ല. വണ്ടന്മേട്, അണക്കര, മറയൂര്‍, ചിത്തിരപുരം, രാജകുമാരി എന്നിവിടങ്ങളിലാണ് മികച്ച പ്രവര്‍ത്തനം. ജില്ലയില്‍ 9,811 വീടാണ് വൈദ്യുതീകരിക്കേണ്ടത്. ഇടുക്കി മണ്ഡലത്തില്‍ 843, തൊടുപുഴയില്‍ 658, ഉടുമ്പന്‍ചോലയില്‍ 1061, ദേവികുളത്ത് 6113, പീരുമേട് 1136 എന്നിങ്ങനെയാണ് വൈദ്യുതീകരിക്കാനുള്ള വീടുകളുടെ എണ്ണം. എന്നാല്‍, ഭൂരിഭാഗം സ്ഥലത്തും ലൈന്‍ വലിക്കലും പോസ്റ്റിടലും നടന്നിട്ടില്ല. വനത്തിലൂടെ ലൈന്‍ വലിക്കാന്‍ തടസ്സങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നിവിടങ്ങളില്‍ എം.എല്‍.എ ഫണ്ടും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും ലഭിച്ചിട്ടുണ്ട്. വിവിധ സെക്ഷനുകീഴില്‍ പ്രവര്‍ത്തനം തൃപ്തികരമല്ളെന്നും ഉദ്യോഗസ്ഥര്‍ കൃത്യമായി ഇടപെടണമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കരിമണ്ണൂര്‍, വണ്ണപ്പുറം മേഖലകളില്‍ വനപ്രദേശം കൂടുതലാണ്. ഇവിടെ ലൈന്‍ വലിക്കാനുള്ള തടസ്സം ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ചര്‍ച്ചചെയ്ത് പരിഹരിക്കും. ഇടുക്കി, പീരുമേട് മണ്ഡലങ്ങളില്‍ വൈദ്യുതീകരണം പുരോഗമിക്കുകയാണ്. ഇതിനിടെ, അപേക്ഷയുമായി എത്തുന്നവര്‍ക്കെ വൈദ്യുതി നല്‍കൂവെന്ന ഉദ്യോഗസ്ഥരുടെ നിലപാട് ശരിയല്ളെന്ന് വിമര്‍ശനമുയര്‍ന്നു. ജില്ലയിലെ എല്ലാ അംഗന്‍വാടികള്‍ക്കും കണക്ഷന്‍ സൗജന്യമായി നല്‍കാനാണ് തീരുമാനം. ഏറെ ദുര്‍ഘടമായ ഭൂപ്രദേശമുള്ള മറയൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായും യോഗം വിലയിരുത്തി. ഉപ്പുതറയില്‍ 13 ശതമാനം മാത്രമെ വൈദ്യുതീകരണം പൂര്‍ത്തിയായുള്ളൂ. കഞ്ഞിക്കുഴിയിലെ മക്കുവള്ളി മേഖലയില്‍ വൈദ്യുതീകരണത്തിന് വനം വകുപ്പിന്‍െറ നടപടി തടസ്സം സൃഷ്ടിച്ചു. നെടുങ്കണ്ടത്ത് 58 വീടുകളിലെ വൈദ്യുതി നല്‍കാനായുള്ളൂ. ചിത്തിരപുരത്ത് വൈദ്യുതീകരണം 16 ശതമാനം പൂര്‍ത്തിയായി. പോസ്റ്റ് എത്തിക്കുന്നമുറക്ക് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അവലോകനയോഗത്തിന് ശേഷം സംസാരിച്ച മന്ത്രി എം.എം. മണി പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്ന് വിമര്‍ശിച്ചു. എം.എല്‍.എമാര്‍ ഫണ്ട് കൃത്യമായി നല്‍കണം. ഉദ്യോഗസ്ഥര്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചാലെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകൂ. എസ്.എസി, എസ്.ടി വീടുകളുടെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.