ഇടുക്കിയില്‍ തനിയാവര്‍ത്തനം

തൊടുപുഴ: വാശിയേറിയ മത്സരത്തിനൊടുവില്‍ ജില്ല 2011 ആവര്‍ത്തിച്ചു. എല്‍.ഡി.എഫ് മൂന്ന്, യു.ഡി.എഫ് രണ്ട്. യു.ഡി.എഫിന് ലഭിച്ച രണ്ട് സീറ്റും കേരള കോണ്‍ഗ്രസ് എമ്മിന്‍െറ അക്കൗണ്ടിലാണ്. മൂന്നിടത്ത് മത്സരിച്ച കോണ്‍ഗ്രസിന് ഒരിടത്തും വിജയിക്കാനായില്ല. ജില്ലയില്‍ തുടര്‍ച്ചയായി മൂന്നാംതവണയാണ് കളംതൊടാതെ പുറത്താക്കപ്പെടുന്നതും ഇടതുമുന്നണി മുന്‍തൂക്കം നേടുന്നതും. അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തും സിറ്റിങ് എം.എല്‍.എമാര്‍ ജയിച്ചുകയറി. ഉടുമ്പന്‍ചോല മാത്രമാണ് ഇതിന് അപവാദം. അവിടെ സി.പി.എമ്മിലെ എം.എം. മണി സിറ്റിങ് എം.എല്‍.എ ജയചന്ദ്രന് പകരക്കാരനായത്തെി മണ്ഡലം നിലനിര്‍ത്തി. ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റ്യന് ഇത് നാലാം വിജയം. തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പി.ജെ. ജോസഫിന് ഇത് ഒമ്പതാം വിജയം. ദേവികുളത്ത് സി.പി.എമ്മിന്‍െറ എസ്. രാജേന്ദ്രന്‍ നാലാംവട്ടവും പീരുമേട്ടില്‍ സി.പി.ഐയുടെ ഇ.എസ്. ബിജിമോള്‍ മൂന്നാംവട്ടവും വിജയം ആവര്‍ത്തിച്ചു. തൊടുപുഴയില്‍ പി.ജെ. ജോസഫിന്‍െറ വിജയം സര്‍വകാല ഭൂരിപക്ഷത്തോടെയാണെന്ന പ്രത്യേകതയുമുണ്ട്. 1970 മുതല്‍ തുടര്‍ച്ചയായി അഞ്ചുതവണ മത്സരിച്ച ശേഷം പി.ജെ. ജോസഫ് ’91ല്‍ മത്സരിച്ചില്ല. ’96ല്‍ വീണ്ടും ജയിച്ചു. 2001ല്‍ മാത്രമാണ് തോറ്റത്. 2006 മുതല്‍ വീണ്ടും തുടര്‍ച്ചയായ വിജയം. സി.പി.എമ്മിന് രണ്ടും സി.പി.ഐക്ക് ഒന്നും സീറ്റുകള്‍ ഉണ്ടായിരുന്നത് നിലനിര്‍ത്താനായി. അഞ്ച് മണ്ഡലങ്ങളില്‍ തൊടുപുഴയില്‍ ഭൂരിപക്ഷം ഉയര്‍ന്നു. കഴിഞ്ഞ തവണത്തെ 22,868 ന്‍െറ മുന്‍തൂക്കം ഇക്കുറി 45,587 ആയി ഉയര്‍ന്നു. ദേവികുളത്ത് എല്‍.ഡി.എഫ് ഭൂരിപക്ഷം വര്‍ധിച്ചു. കഴിഞ്ഞതവണ 4078 ആയിരുന്ന മുന്‍തൂക്കം ഇക്കുറി 5782 ആയി ഉയര്‍ന്നു. ഉടുമ്പന്‍ചോലയില്‍ ഭൂരിപക്ഷം കുറഞ്ഞു. കഴിഞ്ഞതവണ 9833 ആയിരുന്നത് ഇക്കുറി 1109 ആയി. ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റ്യന് 15,806 വോട്ടിന്‍െറ ഭൂരിപക്ഷം ഇക്കുറി 9333 ആയി. പീരുമേട്ടില്‍ കഴിഞ്ഞതവണ 4777 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് വിജയിച്ച സി.പി.ഐയുടെ ബിജിമോള്‍ ഇക്കുറി 314 വോട്ടിന് കഷ്ടി കടന്നുകൂടുകയായിരുന്നു. ഇക്കുറിയും ജില്ലയില്‍നിന്നുള്ള ഏക വനിതാ എം.എല്‍.എ ബിജിമോളാണ്. ഇടുക്കി മണ്ഡലത്തില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജിന്‍െറ പരാജയം ഇടതുമുന്നണിയെ ഞെട്ടിച്ചു. എല്‍.ഡി.എഫിന്‍െറ അനുഗ്രഹാശിസ്സുകളോടെ കേരള കോണ്‍ഗ്രസ് എം പിളര്‍ത്തി രൂപംകൊണ്ട പാര്‍ട്ടിയുടെ ചെയര്‍മാനായ അദ്ദേഹത്തിന് സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് ഇടുക്കി തെരഞ്ഞെടുത്തത്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് നേടിയ 24,000ത്തിന്‍െറ ലീഡാണ് ഫ്രാന്‍സിസ് ജോര്‍ജിന് പ്രതീക്ഷ നല്‍കിയത്. സഭയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും മറ്റും പിന്തുണയും പ്രതീക്ഷിച്ചു. എന്നാല്‍, എല്ലാം അസ്ഥാനത്തായെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.