ഗതാഗതപരിഷ്കാരം പൊളിച്ചെഴുതാന്‍ വീണ്ടും യോഗം; പഞ്ചായത്ത് നടപടി വിവാദത്തില്‍

അടിമാലി: അടിമാലിയിലെ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ നടപ്പാക്കിയ ഗതാഗതപരിഷ്കാരം പൊളിച്ചെഴുതാന്‍ പഞ്ചായത്ത് വീണ്ടും യോഗം വിളിച്ചത് പ്രതിഷേധത്തിനിടയാക്കി. ഒരുമാസം മുമ്പാണ് ഗതാഗതം പരിഷ്കരിക്കാന്‍ ഉപദേശക സമിതി യോഗം തീരുമാനിച്ചത്. വെയ്റ്റിങ് ഷെഡിന് അഭിമുഖമായി ബസുകള്‍ പാര്‍ക്ക് ചെയ്യാനായിരുന്നു തീരുമാനം. ഇതനുസരിച്ച് ഓരോ സ്ഥലത്തേക്കുമുള്ള വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്നതടക്കം സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ട്രാക് വരച്ചു നല്‍കുകയും ചെയ്തു. എന്നാല്‍, ഇത് സ്റ്റാന്‍ഡിന് പുറത്ത് വ്യാപാരം നടത്തുന്നവര്‍ക്ക് എതിരായ തീരുമാനമാണെന്നും പുന$പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്ത് നല്‍കി. ഇതിന് പിന്നാലെ സ്വകാര്യ ബസ് അസോസിയേഷന്‍െറ തീരുമാനപ്രകാരം ബസുകള്‍ പഴയപടിയിലേക്ക് മാറ്റി. ചില രാഷ്ട്രീയപാര്‍ട്ടികളും പരിഷ്കാരത്തിനെതിരെ രംഗത്തുവന്നു. സ്ത്രീകളും ഭിന്നശേഷിക്കാരുമടക്കമുള്ള യാത്രക്കാരുടെ അഭിപ്രായം മാനിച്ചാണ് പരിഷ്കാരം കൊണ്ടുവന്നത്. എന്നാല്‍ ചില രാഷ്ട്രീയ, യൂനിയന്‍ നേതൃത്വങ്ങളുടെ സമ്മര്‍ദത്തിന് പഞ്ചായത്ത് വഴങ്ങിയതോടെ തീരുമാനം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. പരിഷ്കാരം പൊളിച്ചെഴുതാന്‍ വ്യാഴാഴ്ച വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. സ്റ്റാന്‍ഡില്‍ സ്വകാര്യ-ടാക്സി വാഹനങ്ങളുടെ ആധിക്യവും യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്. രാവിലെ മുതല്‍ വൈകീട്ടുവരെ ഇവിടെ വാഹനം പാര്‍ക്ക് ചെയ്ത് പോകുന്നവരുമുണ്ട്. നിലവിലെ വണ്‍വേ മാറ്റിയാല്‍ ദേശീയപാതയില്‍ മുസ്ലിം പളളിപ്പടിയിലെയും ഹില്‍ഫോര്‍ട്ട് ജങ്ഷനിലെയും ഗതാഗതക്കുരുക്കും അപകടവും ഒഴിവാക്കാമെങ്കിലും പഞ്ചായത്തോ ഗതാഗത ഉപദേശക സമിതിയോ തയാറല്ല. ഇതുമൂലം വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ ദുരിതത്തിലാണ്. അടിമാലിയില്‍ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്നത് ഹില്‍ഫോര്‍ട്ട് ജങ്ഷന്‍ മുതല്‍ അമ്പലപ്പടിവരെയാണ്. എന്നാല്‍, സ്വകാര്യ ബസ് ഉടമകളുടെ സമ്മര്‍ദമാണ് വണ്‍വേ ഒഴിവാക്കാതിരിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.