യാത്രക്കാരനോട് വനിതാ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി

മൂലമറ്റം: സ്റ്റാന്‍ഡില്‍ ബസ് കയറാത്തത് ചൂണ്ടിക്കാട്ടിയതിന് കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കുളമാവിലാണ് സംഭവം. തൊടുപുഴ-കട്ടപ്പന സര്‍വിസ് നടത്തുന്ന ബസില്‍ കുളമാവ് സബ്സ്റ്റേഷന്‍ സ്റ്റോപ്പില്‍നിന്ന് കയറിയ യാത്രക്കാരനോടാണ് തൊടുപുഴ ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയത്. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍നിന്ന് അര കിലോമീറ്ററോളം മാറിയുള്ള കുളമാവ് സ്റ്റാന്‍ഡിലേക്ക് ബസ് കയറ്റാതെ നേരെ തൊടുപുഴക്ക് പോവുകയാണ് ഉണ്ടായത്. തൊടുപുഴയില്‍നിന്ന് ഇടുക്കി ഭാഗത്തേക്കും തിരിച്ചും സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കുളമാവ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങി പോകണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇത് പലപ്പോഴും ലംഘിക്കപ്പെടുന്നതായി പ്രദേശവാസികള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ കുളമാവ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഏതാനും നാള്‍ സ്റ്റാന്‍ഡിലേക്ക് തിരിയുന്ന ജങ്ഷനില്‍ പൊലീസിനെ ഡ്യൂട്ടിക്കിട്ടിരുന്നുവെങ്കിലും ഇപ്പോഴില്ല. ചൊവ്വാഴ്ച വൈകീട്ട് കെ.എസ്.ആര്‍.ടി.സി ബസ് കുളമാവ് സ്റ്റാന്‍ഡിലേക്ക് പോവാതിരുന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് കണ്ടക്ടര്‍ യാത്രക്കാരനോട് മോശമായി പെരുമാറിയത്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നറിയിച്ചപ്പോള്‍ ഉദദ്യോഗസ്ഥര്‍ക്കല്ല മന്ത്രിക്ക് വേണമെങ്കില്‍ പരാതി നല്‍കിക്കോളാന്‍ കണ്ടക്ടര്‍ യാത്രക്കാരനോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കും മന്ത്രിയടക്കമുള്ളവര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് യാത്രക്കാരന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.