പാമ്പാടുംപാറ ആരോഗ്യകേന്ദ്രത്തിലെ സംവിധാനങ്ങള്‍ മാറ്റാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

നെടുങ്കണ്ടം: നാലര പതിറ്റാണ്ടായി മുണ്ടിയെരുമയില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിടക്കകളും മറ്റ് ഉപകരണങ്ങളും കട്ടപ്പന ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ നഗരസഭയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. ഇവിടെ കിടത്തിച്ചികിത്സ ഇല്ളെന്ന കാരണം പറഞ്ഞാണ് ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്. താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയ കട്ടപ്പന ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നീക്കം. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിന് വിട്ടുകിട്ടിയ കല്ലാര്‍ ഗവ. ആശുപത്രിയിലെ ഉപകരണങ്ങള്‍ പഞ്ചായത്തിന്‍െറ അറിവോ സമ്മതമോ കൂടാതെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആരോഗ്യവകുപ്പ് അധികൃതരുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. നിലവില്‍ ഇവിടെ കിടത്തിച്ചികിത്സ ഇല്ളെങ്കിലും ദിനേന 150ലധികം രോഗികള്‍ എത്താറുണ്ട്. രണ്ട് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ഒരു വനിതാ ഡോക്ടര്‍ മാത്രമാണുള്ളത്. ഒരാള്‍ അവധിയിലാണ്. വര്‍ഷങ്ങളായി ഇവിടെ കിടത്തിച്ചികിത്സയില്ല. കിടത്തിച്ചികിത്സക്കായി നാട്ടുകാര്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ ഒ.പി പ്രവര്‍ത്തിക്കുന്നത്. മുമ്പ് ഒ.പി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഇപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. 1972ല്‍ സ്ഥാപിച്ചതാണ് ഈ ആശുപത്രി. ആദ്യകാലത്ത് പാമ്പാടുംപാറയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് നാട്ടുകാര്‍ സംഭാവന ചെയ്ത സ്ഥലത്ത് സ്വന്തമായി കെട്ടിടം നിര്‍മിച്ച് ഇവിടേക്ക് മാറ്റുകയായിരുന്നു. ആശുപത്രിക്ക് സ്വന്തമായി രണ്ടേക്കറോളം സ്ഥലമുണ്ട്. അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ പണിത് കിടത്തിച്ചികിത്സ ആരംഭിച്ചാല്‍ പ്രദേശത്തെ നിര്‍ധന ജനങ്ങള്‍ക്ക് ആശ്രയമാകും. ആശുപത്രി ഉപകരണങ്ങള്‍ മാറ്റുന്നതിനെതിരെ മുണ്ടിയെരുമയില്‍ പ്രതിഷേധ പ്രകടനവും മറ്റും നടന്നു. യോഗത്തില്‍ നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമന്ദിരം ശശികുമാര്‍, പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജ്ഞാനസുന്ദരം, കെ.ആര്‍. സുകുമാരന്‍നായര്‍, ജോയി കുന്നുവിള, ഷിജി, ജോണ്‍ പുല്ലാട്, ജെ. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.