മുട്ടം സ്റ്റേഷനില്‍ മൂന്ന് മുറിയും 33 പൊലീസുകാരും

മുട്ടം: ഇല്ലായ്മകളാല്‍ വലഞ്ഞ് മുട്ടം പൊലീസ് സ്റ്റേഷന്‍. മൂന്ന് മുറിയും 33 പൊലീസുകാരുമുള്ള സ്റ്റേഷനില്‍ ഒരു പ്രിന്‍സിപ്പല്‍ എസ്.ഐയും ഒരു അഡീഷനല്‍ എസ്.ഐയും മൂന്ന് എ.എസ്.ഐയും ഉള്‍പ്പെടെയുള്ളവരാണ് ജോലി ചെയ്യുന്നത്. ഉദ്ഘാടനവേളയില്‍ വിശാലമായ പൊലീസ് സ്റ്റേഷന്‍ ഉടന്‍ നിര്‍മിക്കുമെന്ന് മുന്‍ ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനവും നടന്നില്ല. പൊലീസുകാരുടെ കുറവുമൂലം ഡ്യൂട്ടിയിലുള്ളവര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ നൈറ്റ് ഡ്യൂട്ടിയും ചെയ്യുന്നു. പൊലീസുകാര്‍ക്ക് വസ്ത്രം മാറാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും മുറി വാടകക്ക് എടുത്തിട്ടുണ്ട്. 50 വര്‍ഷത്തോളം പഴക്കമുള്ള ഓടിട്ട കെട്ടിടം ഒൗട്ട് പോസ്റ്റില്‍നിന്ന് പൊലീസ് സ്റ്റേഷനായി ഉയര്‍ത്തുകയായിരുന്നു. ഉദ്ഘാടനത്തിനായി ചായം തേച്ച് മുഖം മിനുക്കിയെങ്കിലും സൗകര്യങ്ങള്‍ ഇനിയും വര്‍ധിപ്പിച്ചിട്ടില്ല. സമീപത്തെ ലോഡ്ജില്‍ രണ്ടുമുറി വാടകക്കെടുത്താണ് പൊലീസുകാര്‍ വസ്ത്രം മാറാനും വിശ്രമിക്കാനും ഉപയോഗിക്കുന്നത്. ഇതിനായി 10,000 രൂപയോളം പ്രതിമാസം സ്വന്തം പോക്കറ്റില്‍നിന്ന് ചെലവഴിക്കുന്നു. ഒരു മുറി വനിതാ പൊലീസുകാര്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. മൂന്ന് വനിതാ പൊലീസ് ഓഫിസര്‍മാരാണുള്ളത്. മൂന്ന് ചെറിയ മുറിയും ഒരു ലോക്കപ്പും ഉള്ള സ്റ്റേഷനില്‍ പരാതിയുമായി ആരെങ്കിലും എത്തിയാല്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ഉപയോഗിക്കുന്ന കസേരയാണ് നല്‍കുന്നത്. സ്വന്തമായി 85 സെന്‍റ് സ്ഥലമുള്ള സ്റ്റേഷനിലെ പൊലീസ് ജീപ്പ് പടുതകെട്ടിയാണ് സംരക്ഷിക്കുന്നത്. മുട്ടം പഞ്ചായത്ത്, കരിങ്കുന്നം, കുടയത്തൂര്‍, ആലക്കോട്, ഇടവെട്ടി എന്നീ പ്രദേശങ്ങളും ഉള്‍പ്പെടുന്ന സ്റ്റേഷന്‍ പരിധിയില്‍ 25,000ത്തോളം പേര്‍ താമസിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.