മര്‍ച്ചന്‍റ്സ് അസോ. തൊടുപുഴ ഷോപ്പിങ് ഫെസ്റ്റിവല്‍ നാളെ മുതല്‍

തൊടുപുഴ: മര്‍ച്ചന്‍റ്സ് അസോ. സംഘടിപ്പിക്കുന്ന അഞ്ചുമാസം നീളുന്ന തൊടുപുഴ ഷോപ്പിങ് ഫെസ്റ്റിവല്‍ തിങ്കളാഴ്ച തുടങ്ങും. മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ വൈകീട്ട് ഏഴിന് മേളയുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫ് നിര്‍വഹിക്കും. സെപ്റ്റംബര്‍ 18നായിരിക്കും മേളയുടെ സമാപനം. നഗരത്തിലെ വ്യാപാര മേഖലക്ക് പുത്തനുണര്‍വ് നല്‍കുകയാണ് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക സമ്മാനങ്ങള്‍ നല്‍കുന്ന മേളയുടെ ലക്ഷ്യമെന്ന് അസോ. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊടുപുഴയിലെ ആയിരത്തോളം വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ഉപഭോക്താവിന് ആനുപാതികമായി സമ്മാനക്കൂപ്പണ്‍ നല്‍കും. നറുക്കെടുപ്പ് തീര്‍ത്തും സുതാര്യമായിരിക്കും. കൂപ്പണുകള്‍ നിക്ഷേപിക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും എഴുതണം. ഒന്നാംസമ്മാനം 25 പവന്‍ സ്വര്‍ണമാണ്. ഓരോ മാസവും നടത്തുന്ന മിനി നറുക്കെടുപ്പില്‍ ഹോണ്ട ഡിയോ സ്കൂട്ടര്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, സൈക്ക്ള്‍, കാഞ്ചീപുരം പട്ടുസാരി, ഗിഫ്റ്റ് കൂപ്പണ്‍ ഉള്‍പ്പെടെ 1000ത്തില്‍ പരം സമ്മാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് വേണു ഇ.എ.പി, ട്രഷറര്‍ സുബൈര്‍ എസ്. മുഹമ്മദ്, സെക്രട്ടറി പി. അജീവ്, സി.കെ. നവാസ്, യൂത്ത്വിങ് പ്രസിഡന്‍റ് സി.കെ. ഷിഹാബ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.