വരള്‍ച്ച ദുരിതാശ്വാസം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കാന്‍ അനുമതി

തൊടുപുഴ: സംസ്ഥാനത്ത് പൂര്‍ണമായോ ഭാഗികമായോ വരള്‍ച്ച പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള മാര്‍ഗരേഖകളില്‍ ഇളവ് അനുവദിച്ചുകൊണ്ട് അനുമതി നല്‍കിയതായി കലക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. ജലവിതരണത്തിനും അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായി ഗ്രാമപഞ്ചായത്തുകളുടെ പ്ളാന്‍ തനത് ഫണ്ടില്‍നിന്ന് പത്തുലക്ഷം വരെയും മുനിസിപ്പാലിറ്റികളുടെ പ്ളാന്‍ തനത് ഫണ്ടില്‍നിന്ന് 15 ലക്ഷം വരെയും കോര്‍പറേഷനുകളുടെ പ്ളാന്‍ തനത് ഫണ്ടില്‍നിന്ന് 25 ലക്ഷം വരെയുമാണ് അനുമതി. അടിയന്തരമായി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ മാത്രമാണ് ഫണ്ട് വിനിയോഗിക്കേണ്ടത്. മറ്റ് വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുമായി സമാനതകളില്ലാതെ സുതാര്യമായി വേണം പദ്ധതി നടപ്പാക്കാന്‍ എന്നും കലക്ടര്‍ നിര്‍ദേശിച്ചു. നിശ്ചിത തുക അധികരിക്കുന്ന രീതിയിലുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ പാടില്ല. കുടിവെള്ള വിതരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നേട്ടം അവകാശപ്പെട്ട് ഇലക്ട്രോണിക്സ്/അച്ചടി/റേഡിയോ/ ഇന്‍റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. പൊതുയോഗങ്ങളില്‍ സംസാരിക്കുമ്പോഴും പൊതുജനങ്ങളോടോ മാധ്യമങ്ങളോടോ സംസാരിക്കുമ്പോഴും രാഷ്ട്രീയ നേതാക്കള്‍ ഈ പ്രവര്‍ത്തിയെ പരാമര്‍ശിക്കാന്‍ പാടില്ല. കുടിവെള്ള വിതരണ പദ്ധതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തകരോ രാഷ്ട്രീയപാര്‍ട്ടികളോ ഇടപെടാന്‍ പാടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.