അവസാനമില്ലാതെ തെരുവുനായ ഭീഷണി

അടിമാലി: തെരുവോരങ്ങള്‍ കീഴടക്കി നായ്ക്കള്‍ അരങ്ങുവാഴുന്നു. നാടും നഗരവും ഒരുപോലെ നായ ഭീഷണിയിലാണ്. നേരം വെളുക്കുമ്പോഴും ഇരുളുമ്പോഴും എല്ലായിടത്തെയും പൊതുകാഴ്ചയാണ് നായ്ക്കള്‍. വിവിധ മേഖലകളില്‍ തെരുവുനായ്ക്കള്‍ ജനജീവിതത്തിന് വന്‍ വെല്ലുവിളിയായിട്ടും ആരും ഇടപെടുന്നില്ല. നായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം കണ്ടില്ളെന്ന് നടിക്കുകയാണ്. നായ്ക്കളെ നിയന്ത്രിച്ചില്ളെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ദേവികുളം ആര്‍.ഡി.ഒ ഉത്തരവിട്ടിരുന്നു. നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും തുടര്‍നടപടിയൊന്നും എടുക്കാതെ വന്നതോടെ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇതോടൊപ്പം പേപ്പട്ടിയുടെ ശല്യവും പലഭാഗങ്ങളിലും കണ്ടുതുടങ്ങിയതോടെ ജനങ്ങളാകെ ഭീതിയിലുമാണ്. നായ്ക്കളെ കൊല്ലുന്നത് ജന്തുദ്രോഹ നിയമത്തിന്‍െറ പരിധിയില്‍ വരുന്നതുകൊണ്ട് നിയമക്കുരുക്കിലകപ്പെടുമെന്ന ഭയമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പിന്നോട്ടടിപ്പിക്കുന്നത്. എന്നാല്‍, ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കണ്ടില്ളെന്ന് നടിക്കുകയും ചെയ്യുന്നു. പരാതികളുയരുമ്പോള്‍ ഇതുംപറഞ്ഞ് കൈമലര്‍ത്തും. നിര്‍ഭയമായി ജീവിക്കാനുള്ള ജനങ്ങളുടെ അടിസ്ഥാനാവകാശത്തിന് നേരെയാണ് ഇവ ആക്രോശിക്കുന്നത്. നൂലാമാലകളുടെ കുരുക്കുകളില്‍ കെട്ടിപ്പിണഞ്ഞുകിടക്കുന്ന നിയമസംവിധാനവും സാധാരണക്കാരന്‍െറ രക്ഷക്കത്തെുന്നില്ല. ജില്ലയില്‍ പലയിടത്തും നായ്ക്കള്‍ പെറ്റുപെരുകുകയാണ്. രാത്രി പല വീടുകളുടെയും കാര്‍പോര്‍ച്ച് നായ്ക്കൂട്ടം കൈയടക്കുന്ന സ്ഥിതിയാണ്. രാവിലെ പത്ര-പാല്‍ വിതരണക്കാരെയും നായ്ക്കള്‍ ആക്രമിക്കുന്നു. മിക്കയിടങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. രാവിലെ ട്യൂഷനുപോകുന്ന കുട്ടികളും രാത്രി വൈകിയത്തെുന്നവരും നായയെ പേടിച്ച് വടിയും കൈയില്‍ കരുതേണ്ട അവസ്ഥയാണുള്ളത്. വളര്‍ത്തുമൃഗങ്ങളെയും വന്യജീവികളെയും നായ്ക്കള്‍ കടിച്ച് കീറുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നു. കൂട്ടമായും ഒറ്റക്കും ഇവറ്റകള്‍ ആക്രമണം നടത്തുന്നു. ഈ സാഹചര്യത്തില്‍ തെരുവുനായ്ക്കളെ തുരത്താന്‍ നടപടി വേണമെന്നാണ് ഹൈറേഞ്ച് നിവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.