യാത്രക്കാരുടെ നടുവൊടിക്കും കോമ്പയാര്‍ –ആനക്കല്ല് റോഡ്

നെടുങ്കണ്ടം: എട്ട് കിലോമീറ്റര്‍ ദൂരത്ത് എണ്‍പതോളം കുഴികള്‍. ഈ റോഡിലൂടെ സഞ്ചരിച്ചാല്‍ നടുവൊടിയാതെ ലക്ഷ്യത്തിലത്തെുമെന്ന് യാതൊരു ഉറപ്പുമില്ല. നെടുങ്കണ്ടം-കോമ്പയാര്‍-ആനക്കല്ല് റോഡിന്‍െറ അവസ്ഥയാണിത്. നെടുങ്കണ്ടത്ത് നിന്നും ആനക്കല്ല് വരെ യാത്ര ചെയ്താല്‍ കുഴികളില്ലാത്ത ഭാഗങ്ങള്‍ നന്നേ കുറവാണ്. താന്നിമൂട് വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരം വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോകാമെങ്കിലും പിന്നീടുള്ള ആറ് കിലോമീറ്റര്‍ യാത്ര ദുരിതപൂര്‍ണമാണ്. പ്രദേശത്തെ വിദ്യാര്‍ഥികളും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും തോട്ടം തൊഴിലാളികളുമാണ് ഇതിനാല്‍ ഏറെ ദുരിതം അനുഭവിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് നിര്‍മിച്ചതിനുശേഷം ജനപ്രതിനിധികളോ മറ്റ് അധികൃതരോ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. യഥാസമയം അറ്റകുറ്റപ്പണി നടത്താനോ വീതി കൂട്ടാനോ ത്രിതല പഞ്ചായത്ത്് അധികൃതരും തയാറാകാത്തതാണ് റോഡിന്‍െറ ദുര്‍ഗതിക്ക് കാരണം. താന്നിമൂട്, പാക്കട്ടി, കോമ്പയാര്‍, പള്ളിക്കാട്, പട്ടത്തിമുക്ക്, പാലാര്‍, ആനക്കല്ല് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പുറംലോകത്ത് എത്താനുള്ള ഏക മാര്‍ഗമാണ് ഈ റോഡ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിങ് നടത്തിയ റോഡില്‍ കുഴികള്‍ അടക്കല്‍ എന്ന വഴിപാട് നിറവേറ്റുക മാത്രമാണ് ഇതിനുശേഷം ചെയ്തിട്ടുള്ളത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പൊളിയുകയും ചെയ്തു. കോമ്പയാര്‍, ആനക്കല്ല് വഴി ഉടുമ്പന്‍ചോലക്ക് റോഡുള്ളതിനാല്‍ മേഖലയില്‍നിന്ന് തമിഴ്നാട്ടിലേക്കും ഉടുമ്പന്‍ചോലയിലേക്കും പോകുന്നവരും തമിഴ്നാട്ടില്‍നിന്ന് വരുന്നവരും ആ റോഡിനെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍, താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടം, കട്ടപ്പന, പുളിയല, ഇടുക്കി, കോട്ടയം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ പോകണമെങ്കില്‍ ഈ കുഴികള്‍ കയറിയിറങ്ങുക തന്നെ ശരണം. നെടുങ്കണ്ടത്തുനിന്ന് ഏറെ വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നതും ജനവാസം ഏറിയതുമായ പ്രദേശമാണ് കോമ്പയാര്‍. ഈ റൂട്ടിലൂടെ മുമ്പ് സര്‍വിസ് നടത്തിയിരുന്ന മുഴുവന്‍ സ്വകാര്യ ബസുകളും റോഡിന്‍െറ ശോച്യാവസ്ഥ മൂലം സര്‍വിസ് അവസാനിപ്പിച്ചു. പിന്നീട് ട്രിപ്പ് ജീപ്പുകളും ഓട്ടോറിക്ഷകളും ആയിരുന്നു പ്രദേശവാസികളുടെ ഏക ആശ്രയം. മൂന്നുവര്‍ഷം മുമ്പ് നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങിയ ജനമൈത്രി ബസും അടുത്തിടെ ഇറങ്ങിയ കെ.എസ്.ആര്‍.ടി.സി ബസുമാണ് കുടിയേറ്റ മേഖലയില്‍ എത്തുന്ന രണ്ട് ബസുകള്‍. നാട്ടുകാരുടെ ഉടമസ്ഥതയിലുള്ള ബസ് ആയതിനാല്‍ ഈ ബസ്് ക്ളേശങ്ങള്‍ സഹിച്ചും സര്‍വിസ് നടത്തുകയാണ്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി എത്രനാള്‍ തുടരുമെന്ന് നിശ്ചയമില്ല. തങ്ങളുടെ ദുരിതയാത്രക്ക് പരിഹാരം കാണാന്‍ ഇനിയെങ്കിലും അധികൃതര്‍ കരുണ കാട്ടുമെന്ന പ്രതീക്ഷയിലാണ് കോമ്പയാര്‍ നിവാസികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.