കട്ടപ്പന: ബ്ളോക് പഞ്ചായത്തില്‍ നടപ്പാക്കുന്ന കേന്ദ്ര ഗവ. പദ്ധതിയായ സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയുടെ (ഐ. ഡബ്ള്യൂ.എം.പി) തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നാല് നീര്‍ത്തടങ്ങളിലായി 4630 ഹെക്ടര്‍ സ്ഥലത്താണ് 6.69 കോടിയുടെ പദ്ധതികള്‍ മൂന്ന് ഘട്ടങ്ങളായി നടത്തുന്നത്. മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അടിസ്ഥാന പ്രകൃതിവിഭവങ്ങളുടെ അശാസ്ത്രീയമായ ഉപയോഗവും ചൂഷണവും തടയുന്നതിനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വികസനവും കാര്‍ഷികോല്‍പാദനവും സ്വയംതൊഴിലുകളും വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ പദ്ധതിക്കുണ്ട്. നീര്‍ത്തട വികസന പ്രവര്‍ത്തനങ്ങളായ മഴക്കുഴി നിര്‍മാണം, മണ്ണൊലിപ്പ് തടയാന്‍ കയ്യാലകള്‍ നിര്‍മിക്കുക, പുഴകള്‍, തോടുകള്‍ എന്നിവയുടെ തീരങ്ങളില്‍ ഈറ്റ, മുള എന്നിവ വച്ചുപിടിപ്പിക്കല്‍ പടുതാക്കുളങ്ങളുടെ നിര്‍മാണം, മഴവെള്ള സംഭരണം, കിണര്‍ റീച്ചാര്‍ജിങ്, മഴമറകളുടെ നിര്‍മാണം എന്നിവ നടപ്പാക്കിവരുന്നു. കാര്‍ഷിക ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഇരട്ടവാഴകൃഷി, പടുതാക്കുളങ്ങളില്‍ മല്‍സ്യകൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഇതുവരെ പദ്ധതിയുടെ ഭാഗമായി മൂന്ന് പൊതുകുളങ്ങളുടെ പുനരുദ്ധാരണം നടത്തി. കൂടാതെ അഞ്ച് മഴവെള്ള സംഭരണികളുടെ നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. താഴ്ന്ന വരുമാനമുള്ളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടത്തൊന്‍ വായ്പകള്‍, ചെറുകിട സംരംഭങ്ങളായ ഡയറി പ്രോസസിങ് യൂനിറ്റുകള്‍, ജൈവവള നിര്‍മാണ യൂനിറ്റുകള്‍, ക്ളോത്ത് ബാഗ്, പേപ്പര്‍ ബാഗ് നിര്‍മാണ യൂനിറ്റുകള്‍, കൂണ്‍കൃഷി, മുള കരകൗശല വസ്തുക്കള്‍, അച്ചാര്‍ നിര്‍മാണം തുടങ്ങിയവ ആരംഭിക്കുന്നതിന് ബാങ്ക് ലോണുകള്‍ എന്നിവ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കും. എസ്.എച്ച്.ജികള്‍, ജെ.എല്‍.ജികള്‍ എന്നിവ വഴി സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികളും വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതിയും നൂതനകാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതിയും നീര്‍ത്തട പരിപാലന പരിപാടികളുടെ ഭാഗമായി നടപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു. ഏലപ്പാറ, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ ചീന്തലാര്‍, ചപ്പാത്ത്, വളകോട്, ഹെലിബറിയ, പൂക്കുളം, കരിങ്കുളം എന്നീ പ്രദേശങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.