ഇടുക്കിയില്‍ വിദേശ മദ്യക്കടത്ത് വ്യാപകം

ചെറുതോണി: ഇടുക്കി ജില്ലയില്‍ വിദേശ മദ്യക്കടത്ത് വ്യാപകമാകുന്നു. ബാറുകള്‍ നിരോധിച്ചതോടെ അനധികൃത വിദേശമദ്യ വ്യാപാരം കൊഴുക്കുകയാണ്. കഴിഞ്ഞ ദിവസം തടിയംപാട് ചപ്പാത്ത് വഴി ഓട്ടോയില്‍ രണ്ടു ചാക്കുകളിലായി കടത്താന്‍ ശ്രമിച്ച് 49 ലിറ്റര്‍ വിദേശമദ്യം പൊലീസ് പിടികൂടിയിരുന്നു. ബിവറേജസ് കോര്‍പറേഷന്‍െറ ഒൗട്ട്ലെറ്റുകളില്‍നിന്ന് ഒരാള്‍ക്ക് ഒരു ദിവസം മൂന്നുലിറ്റര്‍ മദ്യം വില്‍ക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയിരിക്കേ ഇതിനെ മറികടന്ന് 49 ലിറ്റര്‍ മദ്യം ഒന്നിച്ചു വിറ്റതിന്‍െറ കാരണം വിശദീകരിക്കാന്‍ ബിവറേജ് കോര്‍പറേഷന്‍ അധികൃതര്‍ ഒൗട്ട്ലെറ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ ബാറുകള്‍ എല്ലാം പൂട്ടിയതോടെ അനധികൃതമായിട്ടുള്ള വിദേശമദ്യ വ്യാപാരവും വ്യാജമദ്യ വില്‍പനയും തകൃതിയായി നടക്കുകയാണ്. ഒരാഴ്ച മുമ്പ് തങ്കമണി ബിവറേജസിലെ താല്‍ക്കാലിക ജീവനക്കാരനെ ചേലച്ചുവട് കത്തിപ്പാറയുള്ള വീട്ടില്‍നിന്ന് പത്തുലിറ്റര്‍ വിദേശമദ്യവുമായി പിടികൂടിയിരുന്നു. മൂന്നാറില്‍ ആറു ലിറ്റര്‍ വിദേശമദ്യവുമായി മുന്‍ എം.എല്‍.എയുടെ മകന്‍ എന്‍.ജി. രാജനെ പൊലീസ് പിടികൂടിയിരുന്നു. അനധികൃതമായി വില്‍ക്കുന്ന മദ്യത്തെക്കുറിച്ച് പൊലീസിന് വിവരം ചോര്‍ത്തികൊടുക്കുന്നത് ഒരുകൂട്ടം ഉദ്യോഗസ്ഥരാണെന്നാണ് ലഭിക്കുന്ന വിവരം. ബിവറേജുകളില്‍ നിന്ന് വാങ്ങുന്ന മദ്യം രണ്ടിരട്ടിയും മൂന്നിരട്ടിയും വിലയ്ക്കാണ് മറിച്ചു വില്‍ക്കുന്നത്. ഇതിനായി പ്രത്യേക ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതലായും വിദ്യാര്‍ഥികളും കൗമാരക്കാരുമാണ് ഇങ്ങനെ ലഭിക്കുന്ന മദ്യത്തിന്‍റ ഉപഭോക്താക്കള്‍. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വിദഗ്ധമായാണ് ഇവ വില്‍പന നടത്തുന്നത്. ഇതിനു പിറകില്‍ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയുമുണ്ട്. ജില്ലയില്‍ ആവശ്യത്തിന് എക്സൈസ് ഓഫിസുകള്‍ ഇല്ലാത്തതും ജീവനക്കാരില്ലാത്തതും മദ്യവില്‍പനക്കാര്‍ക്ക് ഗുണകരമാകുന്നു. പിടികൂടുന്ന പ്രതികളെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തശേഷം കോടതിയില്‍ ഹാജരാക്കുന്നത് മൂലം പ്രതികളില്‍ 90 ശതമാനം പേരും ശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്നു. കഞ്ഞിക്കുഴി, മുരിക്കാശ്ശേരി, മാങ്കുളം തുടങ്ങിയ സ്്ഥലങ്ങള്‍ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളാണ്. ബിവറേജസിന്‍െറ ശാഖകള്‍ ഇവിടെ അടച്ചുപൂട്ടിയതോടെ വനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ വാറ്റും വില്‍പനയും വര്‍ധിച്ചിട്ടുണ്ട്. പൊലീസ് വനം വകുപ്പ്, എക്സൈസ് വകുപ്പുകളുടെ ഏകോപനമില്ലായ്മ പലപ്പോഴും വിദേശ മദ്യവില്‍പനക്കാര്‍ക്ക് അനുകൂലമായി മാറുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിന് വാഹനമില്ലാത്തതും ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അവിടെ എത്തിപ്പെടുന്നതിനും കാലതാമസം നേരിടുന്നു. ഒരിക്കല്‍ പിടിക്കപ്പെട്ടവര്‍ വീണ്ടും ജാമ്യത്തിലിറങ്ങി ഇതേ തൊഴില്‍ തന്നെ ചെയ്യുന്നത് സാധാരണമായി തീര്‍ന്നിരിക്കുന്നു. കഞ്ചാവ് കഴിഞ്ഞാല്‍ എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള വിദ്യയായി പലരും മദ്യവ്യവസായം തെരഞ്ഞെടുത്തിരിക്കുന്നു. കുടുംബശ്രീ പോലുള്ള വനിതകളുടെ സംഘടനകളും മദ്യ നിരോധന സമിതികളും തീവ്രമായി ശ്രമിച്ചിട്ടും അനധികൃത മദ്യ വ്യവസായം ജില്ലയില്‍ തഴച്ചു വളരുകയാണ്. കുടുംബങ്ങളെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന അനധികൃത മദ്യവില്‍പന തടയേണ്ട സമയം അതിക്രമിച്ചിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.