വന്യമൃഗശല്യത്തില്‍ മനംനൊന്ത് കര്‍ഷകര്‍; തലപുകഞ്ഞ് സ്ഥാനാര്‍ഥികള്‍

അടിമാലി: മലയോരമേഖലയില്‍ സ്ഥാനാര്‍ഥികളും വോട്ടര്‍മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് വന്യമൃഗശല്യം. വോട്ട് തേടി സ്ഥാനാര്‍ഥികളും സഹപ്രവര്‍ത്തകരും എത്തുമ്പോള്‍ കാട്ടാനയും കുരങ്ങുകളും നശിപ്പിച്ച കാര്‍ഷികവിളകള്‍ ചൂണ്ടിക്കാട്ടി കര്‍ഷകര്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍ ഇതിനെ എങ്ങനെ മറികടക്കാം എന്നാണ് ഇരു മുന്നണി സ്ഥാനാര്‍ഥികളും തലപുകഞ്ഞ് ആലോചിക്കുന്നത്. മറയൂര്‍, മാങ്കുളം പഞ്ചായത്തുകളില്‍ കാട്ടാനയും അടിമാലി പഞ്ചായത്തില്‍ കുരങ്ങുമാണ് പ്രശ്നം. വോട്ടര്‍മാരുടെ ചോദ്യം ‘ഞങ്ങള്‍ വോട്ട് നല്‍കാം പക്ഷേ, കാട്ടാനയുടെയും കുരങ്ങുകളുടെയും ശല്യം ഒന്ന് പരിഹരിച്ച് തരാമോ?’ ഈ പ്രശ്നം പരിഹരിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കും ആഗ്രഹമുണ്ട്, എങ്ങനെയെന്നുമാത്രം നിശ്ചയമില്ല. വനമേഖലയോട് ചേര്‍ന്ന പഞ്ചായത്തുകളിലെല്ലാം ആന-കുരങ്ങ് വിഷയം രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം കുഴപ്പിക്കുന്നുണ്ട്. വീടുകള്‍ക്കുള്ളിലും കൃഷിയിടങ്ങളിലുമെല്ലാം വ്യാപകനാശമാണ് ഇവ വരുത്തുന്നത്. ഒരുകൃഷിയും ചെയ്യാനാകുന്നില്ല. എല്ലാകാര്യത്തിലും വാഗ്ദാനങ്ങള്‍ വിളമ്പുന്ന രാഷ്ട്രീയക്കാര്‍ ഈ കാര്യത്തില്‍ എന്തെങ്കിലും ഉറപ്പുപറയാന്‍ തയാറല്ല. ‘ഇവയെ എങ്ങനെ നിയന്ത്രിക്കുമെന്ന് സര്‍ക്കാറുകള്‍ക്കുപോലും പറയാന്‍ കഴിയാതിരിക്കെ, പാവം ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്നാണ്’ സ്ഥാനാര്‍ഥികള്‍ മറുചോദ്യം ഉയര്‍ത്തുന്നത്. എന്നാല്‍, മലയോരത്തിന്‍െറ കാര്‍ഷികമേഖലയെ പിന്നോട്ടടിക്കുന്ന വന്യമൃഗ ശല്യം തടയണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.