അടിമാലിയിലെ മാലിന്യ നിക്ഷേപം: ഹൈകോടതി അഭിഭാഷക കമീഷന്‍ തെളിവെടുത്തു

അടിമാലി: അടിമാലി പഞ്ചായത്ത് കാര്യാലയത്തോട് ചേര്‍ന്ന് മാലിന്യം തള്ളുന്നത് ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഹൈകോടതി അഭിഭാഷക കമീഷനെ നിയോഗിച്ചു. കമീഷന്‍ അംഗങ്ങള്‍ ചൊവ്വാഴ്ച സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി. പൊതുപ്രവര്‍ത്തകനായ ജോബി വെട്ടികുഴി അഡ്വ.പി.സി. തോമസ് മുഖാന്തരം നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ നടപടി. അടിമാലി പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യം പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന് ചതുപ്പുനിലത്തില്‍ കുഴിയെടുത്ത് മൂടുകയാണ് ചെയ്യുന്നത്. ഇതുമൂലം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുകയും പകര്‍ച്ചാ വ്യാധികള്‍ പരത്തുന്ന ഈച്ച-കൊതുക് മുതലായവയുടെ വ്യാപനത്തിന് ഇടയാക്കുന്നതായും മാലിന്യം പരന്നുകിടക്കുകവഴി തെരുവുനായ ശല്ല്യം വര്‍ധിക്കുന്നതിനും കാരണമായി മാറിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി ദേശീയപാതയോരത്ത് കൂമ്പന്‍പാറയിലെ പൊതുശ്മശാന ഭൂമിയില്‍ മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റ് സ്ഥാപിച്ച് മാലിന്യം സംസ്കരിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. പ്ളാന്‍റ് പ്രവര്‍ത്തനം കാര്യക്ഷമമല്ലാതെവന്നതോടെ പ്ളാന്‍റിന് ചുറ്റും മാലിന്യം തള്ളിയിരുന്നു. ഇത് വലിയപ്രശ്നമായി തീരുകയും ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവരികയും ചെയ്തതോടെ മാലിന്യം തള്ളല്‍ പഞ്ചായത്ത് നിര്‍ത്തി. പിന്നീട് നേര്യമംഗലം വനമേഖലയില്‍ മാലിന്യം നിക്ഷേപിച്ചെങ്കിലും വനംവകുപ്പിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് ഇതും നിലച്ചു. പിന്നീടാണ് ടൗണ്‍ഹാള്‍, പഞ്ചായത്ത് കാര്യാലയം എന്നിവ പ്രവര്‍ത്തിക്കുന്ന ഭൂമിയോട് ചേര്‍ന്ന് മാലിന്യം കുഴിയെടുത്ത് മൂടുന്നതിന് നടപടിയായത്. വര്‍ഷങ്ങളായി തുടരുന്ന ഈ നടപടി മൂലം മേഖലയിലെ ജലസ്രോതസ്സുകള്‍ മലിനമാകുകയും കുടിവെള്ളത്തിന് ജനങ്ങള്‍ നെട്ടോട്ടമോടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. നാട്ടുകാര്‍ പരാതികള്‍ നല്‍കിയിട്ടും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ക്കായില്ല. ഇതിനിടെ 50 ലക്ഷത്തോളം രൂപ മുടക്കില്‍ വനഭൂമിയോട് ചേര്‍ന്ന് ഉപയോഗശൂന്യമായ ഭൂമിയും പഞ്ചായത്ത് ഏറ്റെടുത്തു. ഇതോടെയാണ് ജോബി വെട്ടിക്കുഴി പരാതിയുമായി ഹൈകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് വി. ചിതംബരേഷ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഭിഭാഷക കമീഷണറെ നിയോഗിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.