അന്വേഷണം പത്തുമാസം പിന്നിടുമ്പോഴും കേസിലെ രണ്ടാംപ്രതി ഒളിവില്‍

അടിമാലി: അടിമാലി രാജധാനി കൂട്ടക്കൊലക്കേസ് അന്വേഷണം പത്തുമാസം പിന്നിടുമ്പോഴും കേസിലെ രണ്ടാംപ്രതി ഒളിവില്‍. കര്‍ണാടക സിറ സ്വദേശി മധുവിനെയാണ് ഇപ്പോഴും അന്വേഷണ സംഘത്തിന് പിടികൂടാന്‍ കഴിയാത്തത്. 2015 ഫെബ്രുവരി 13നാണ് അടിമാലി രാജധാനി ഹോട്ടല്‍ ഉടമ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ മാതാവ് നാച്ചി എന്നിവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വര്‍ണവും പണവും റാഡോ വാച്ചും കൊലയാളി സംഘം കവര്‍ന്നത്. സംഭവത്തില്‍ ഒന്നും മൂന്നും പ്രതികളായ കര്‍ണാടക സിറ ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23), മൂന്നാംപ്രതി സിറ സ്വദേശി മഞ്ജുനാഥ് (21) എന്നിവര്‍ക്കെതിരെ അടിമാലി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ഇവര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയുമാണ്. കേസ് തെളിഞ്ഞതിന് ശേഷം അന്വേഷണത്തില്‍ വീഴ്ച വന്നതാണ് രണ്ടാംപ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തതെന്നാണ് ആരോപണം. പിടിയിലായ പ്രതികള്‍ക്കെതിരെ 1200 പേജ് വരുന്ന കുറ്റപത്രത്തില്‍ കൊലപാതകം, ഗൂഢാലോചന, മോഷണം, തെളിവ് നശിപ്പിക്കല്‍, സംഘംചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങി 12 ലേറെ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ 94 സാക്ഷികളാണ് ഉള്ളത്. കുറ്റപത്രം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും രണ്ടാം പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറയുന്നുണ്ടെങ്കിലും കര്‍ണാടകയില്‍ പോകുന്നതിനോ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനോ കഴിയാത്തത് വന്‍ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. കേസിലെ ഒന്നാംപ്രതിയെ ഗോവയിലെ പനാജിയില്‍നിന്നും മൂന്നാംപ്രതിയെ കര്‍ണാടകയിലെ വീട്ടില്‍നിന്നും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മോഷണ വസ്തുക്കളില്‍ ഒരുഭാഗം മധുവാണ് കൊണ്ടുപോയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മധു കൊണ്ടുപോയെന്ന് പറയുന്ന റാഡോ വാച്ച്, ബാക്കി സ്വര്‍ണം എന്നിവ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മധുവിനെതിരെ മോഷണം, ഗുണ്ടാപ്രവര്‍ത്തനം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കേസ് നിലവിലുണ്ടെന്ന് പൊലീസ് തന്നെ പറയുന്നു. മധുവിനെക്കൂടി പിടികൂടിയാലേ അന്വേഷണം അവസാനിപ്പിക്കാന്‍ കഴിയൂവെങ്കിലും മധുവിനെ കണ്ടത്തെുന്നതിനുള്ള ഒരു നടപടിയും അന്വേഷണ സംഘത്തിനില്ല. മൂന്നാം പ്രതി മഞ്ജുനാഥിന്‍െറ സഹോദരനാണ് ഒളിവില്‍ കഴിയുന്ന മധു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.