തൊടുപുഴ: ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ പ്രതിഷേധം. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ തൊടുപുഴ താലൂക്ക് ആശുപത്രിയിലാണ് തിങ്കളാഴ്ച ഒ.പിയിലത്തെിയ രോഗികള്‍ പ്രതിഷേധിച്ചത്. 24 ഡോക്ടര്‍ വേണ്ടിടത്ത് 14പേര്‍ മാത്രമാണുള്ളത്. ഇതോടെ ആശുപത്രിയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളാകെ താളംതെറ്റിയിരിക്കുകയാണ്. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവമാണ് പ്രധാന വെല്ലുവിളി. സര്‍ജന്‍, ഓര്‍ത്തോ, ഇ.എന്‍.ടി വിഭാഗങ്ങളില്‍ ഡോക്ടര്‍മാരില്ല. ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. പീഡിയാട്രിക് വിഭാഗത്തില്‍ സീനിയര്‍ ഡോക്ടര്‍ സ്ഥലം മാറിപ്പോയിട്ടും പകരം ആളെ നിയമിച്ചിട്ടില്ല. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നാലുപേരില്‍ ഒരാള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഇതിനിടെ ആരെങ്കിലും ഒരാള്‍ അവധിയെടുത്താല്‍ ബാക്കിയുള്ളവര്‍ കൂടുതല്‍ ജോലി ചെയ്യേണ്ട സ്ഥിതിയാണ്. നഴ്സുമാരുടെ കുറവും രോഗികളെ ദുരിതത്തിലാക്കുന്നു. 60പേര്‍ വേണ്ടിടത്ത് 30പേരാണ് ഇപ്പോഴുള്ളത്. ശരാശരി ആയിരത്തിലധികം പേരാണ് ഇവിടെ ഒ.പിയിലത്തെുന്നത്. കഴിഞ്ഞ ദിവസങ്ങള്‍ അവധിയായിരുന്നതിനാലും കാലാവസ്ഥാ വ്യതിയാനം മൂലം പകര്‍ച്ചവ്യാധികള്‍ വ്യാപകമായതിനാലും നിരവധി രോഗികള്‍ തിങ്കളാഴ്ച എത്തിയിരുന്നു. ഏറെനേരം ക്യൂ നിന്നിട്ടും ഡോക്ടറെ കാണാന്‍ കഴിയാത്തതോടെയാണ് രോഗികളും ബന്ധുക്കളും ബഹളംവെച്ചത്. വിവരം ചിലര്‍ ഡി.എം.ഒയെ അറിയിച്ചതിനെ തുടര്‍ന്ന് ഡി.എം.ഒ ആശുപത്രി സൂപ്രണ്ടിനോട് സംഭവം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. തൊടുപുഴ നഗരത്തിലെയും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെയും ജനങ്ങളുടെ ഏക ആശ്രയമാണ് താലൂക്ക് ആശുപത്രി. ഏറെ പരിമിതികളില്‍ ആശുപത്രി നട്ടം തിരിയുന്നതിനിടെയാണ് ജില്ലാ ആശുപത്രിയായി ഉയര്‍ത്തി ഡിസംബര്‍ ആദ്യവാരം അറിയിപ്പ് ലഭിച്ചത്. എന്നാല്‍, പ്രഖ്യാപനം വന്നതല്ലാതെ ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. 160ഓളം പേരെ കിടത്തിച്ചികിത്സിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഇതില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കേണ്ട സാഹചര്യമാണുള്ളത്. ഒരു കിടക്കയില്‍ രണ്ടുപേരെ വരെ കിടത്തുന്ന അവസ്ഥയുമുണ്ട്. ആശുപത്രിയുടെ അവസ്ഥയില്‍ നേട്ടം കൊയ്യുന്നത് നഗരത്തിലെ സ്വകാര്യ ആശുപത്രികളാണ്. ജില്ലാ ആശുപത്രിയാകുന്നതോടെ ആവശ്യമായ തസ്തികകള്‍ ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍ജറി, മെഡിസിന്‍, അനസ്തേഷ്യ, സൈക്യാട്രി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ അധിക തസ്തികകള്‍ ഉണ്ടാകും. കൂടാതെ 200 പേരെകൂടി അധികമായി കിടത്തിച്ചികിത്സിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും. ട്രോമാ കെയര്‍ യൂനിറ്റ്, പാലിയേറ്റിവ് കെയര്‍ യൂനിറ്റ്, കീമോതെറപ്പി യൂനിറ്റ്, അഡ്മിനിസ്ട്രേഷന്‍ ബ്ളോക് തുടങ്ങിയവയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.