അടിമാലി: ആദിവാസി കോളനികളില്‍ ലഹരിമാഫിയകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ലഹരിവിരുദ്ധ കാവല്‍ക്കൂട്ടം രൂപവത്കരിക്കുമെന്ന് ജനമൈത്രി സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. ബി. സന്ധ്യ പറഞ്ഞു. അടിമാലി ജനമൈത്രി പൊലീസ് നേതൃത്വത്തില്‍ കൊരങ്ങാട്ടി ഗവ. ഹൈസ്കൂളില്‍ നടന്ന അദാലത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അദാലത്തില്‍വന്ന ആദിവാസികള്‍ പ്രധാനമായി ഉയര്‍ത്തികാട്ടിയത് ലഹരിയും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ്. പരിഹാരം ഉണ്ടാകണമെങ്കില്‍ ബോധവത്കരണവും നടപടിയും വേണം. ഇതിനായി ജനമൈത്രി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തി ലഹരിവിരുദ്ധ കാവല്‍ക്കൂട്ടം രൂപവത്കരിക്കുമെന്ന് ബി. സന്ധ്യ പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥരുടെ കുറവുള്ളത് പരിഹരിക്കാന്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കും. ആദിവാസി കോളനികളില്‍ നാട്ടുകാരുടെ ചൂഷണങ്ങളും വിവാഹവും ഉള്‍പ്പെടെയുള്ള വിവിധങ്ങളായ നിവേദനങ്ങളാണ് ലഭിച്ചത്. പലയിടത്തും ഈ ചൂഷണംമൂലം പരമ്പരാഗത ആദിവാസി മൂല്യങ്ങള്‍ ഇല്ലാതെ വരുന്നതായും ആദിവാസികള്‍ പറഞ്ഞു. ഇത്തരം ചൂഷണങ്ങള്‍ ഗൗരവമുള്ളതാണെന്നും ജനമൈത്രി പൊലീസ് ശക്തമായ ഇടപെടല്‍ നടത്തണമെന്നും നിര്‍ദേശം നല്‍കി. കൂടാതെ ജനമൈത്രി പൊലീസ് ആദിവാസി യുവതീയുവാക്കള്‍ക്ക് പി.എസ്.സി പരിശീലനം, ബോധവത്കരണ ക്ളാസുകള്‍ എന്നിവ സംഘടിപ്പിക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു. ആട്ടവും പാട്ടുമായാണ് എ.ഡി.ജി.പിയെ ആദിവാസികള്‍ സ്വീകരിച്ചത്. ഹെഡ്മാസ്റ്റര്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജനമൈത്രി ജില്ലാ നോഡല്‍ ഓഫിസര്‍ എ.ജി. ലാല്‍, മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫ്, അടിമാലി പഞ്ചായത്ത് പ്രസിഡന്‍റ് സ്മിത മുനിസ്വാമി, ഉഷ സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.