തുറന്നെങ്കിലും തിരക്കൊഴിഞ്ഞ് ആദ്യ ദിനം

ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും തുറന്നു ബംഗളൂരു: രണ്ടര മാസത്തിനുശേഷം സംസ്ഥാനത്തെ ആരാധനാലയങ്ങളും ഹോട്ടലുകളും റസ്റ്റാറൻറുകളും മാളുകളും തിങ്കളാഴ്ച തുറന്നു. കർശനമായ നിയന്ത്രണം പാലിച്ചുകൊണ്ടാണ് ക്ഷേത്രങ്ങളിലും പള്ളികളിലും വിശ്വാസികളെ പ്രവേശിപ്പിച്ചത്. ശരീരോഷ്മാവ് പരിശോധന, സാനിറ്റൈസർ, മാസ്ക് എന്നിവ നിർബന്ധമായിരുന്നു. സാമൂഹിക അകലം ഉറപ്പാക്കി ആരാധനാലയങ്ങളിൽ വിശ്വാസികളെത്തി. ആരാധനാലയങ്ങളിലും മാളുകളിലും ഹോട്ടലുകളിലും ആദ്യ ദിവസം ആളുകൾ കുറവായിരുന്നു. ചില ക്ഷേത്രങ്ങളിൽ കൂടുതൽ ആളുകളെത്തിയെങ്കിലും ഘട്ടം ഘട്ടമായാണ് ഇവരെ പ്രവേശിപ്പിച്ചത്. മാളുകൾ തുറന്നെങ്കിലും ആളുകൾ തീരെ കുറവായിരുന്നു. അവധിദിവസങ്ങളിലാണ് മാളുകളിൽ തിരക്കുണ്ടാകാറുള്ളത്. കൂടുതൽ ആളുകൾ എത്തിയാലും മതിയായ സുരക്ഷ ഒരുക്കിയതായി മാൾ അധികൃതർ പറഞ്ഞു. ക്ഷേത്രങ്ങളിൽ ദർശനത്തിനു മാത്രമാണ് അനുമതി. തീർഥവും പ്രസാദവും നൽകില്ല. പ്രത്യേക പൂജക്കും അനുമതിയില്ല. ആളുകൾ കൂടുതലായി എത്തുന്നത് കണക്കിലെടുത്ത് ചില ക്ഷേത്രങ്ങളും പള്ളികളും തുറക്കില്ലെന്ന് നേരേത്ത അറിയിച്ചിരുന്നു. ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ബെളഗാവി സൗന്ദട്ടി യെല്ലമ്മ ക്ഷേത്രം, മംഗളൂരു ദുർഗാപരമേശ്വരി ക്ഷേത്രം, ഉഡുപ്പി, മടിക്കേരി ജില്ലകളിലെ മസ്ജിദുകൾ, ബംഗളൂരുവിലെ മലയാളി സംഘടനകൾക്കു കീഴിലുള്ള ശാഫി പള്ളികൾ തുടങ്ങിയവയും തുറന്നില്ല. മസ്ജിദുകളിൽ നമസ്കാരപ്പായ സ്വന്തം െകാണ്ടുവരാനാണ് നിർദേശം. ചില മസ്ജിദുകൾ തുറന്നെങ്കിലും ആളുകൾ കുറവായിരുന്നു. ജൂൺ 13 വരെ പള്ളികൾ തുറക്കേണ്ടെന്നാണ് ബംഗളൂരു രൂപത തീരുമാനിച്ചത്. ഹോട്ടലുകളിൽ ഡൈൻ ഇൻ സംവിധാനം ഒരുക്കിയെങ്കിലും കാര്യമായ തിരക്കുണ്ടായിരുന്നില്ല. പാർസൽ വാങ്ങാനായിരുന്നു തിരക്ക്. മെനു കാർഡ് വെക്കാതെയാണ് ഒാർഡറുകൾ സ്വീകരിച്ചത്. ബെന്നാർഘട്ട പാർക്ക്, മൈസൂരു പാലസ് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളും പൈതൃക സ്ഥലങ്ങളും സന്ദർശകർക്കായി തുറന്നു. ശിവാജി നഗറിലെ സൻെറ് മേരീസ് ചർച്ചിൽ തിങ്കളാഴ്ച രാവിലെ മുതൽ ആളുകൾ പ്രാർഥനക്കായെത്തി. അകലം പാലിച്ചുകൊണ്ടായിരുന്നു പ്രാർഥന. കലബുറഗി ശരവണ ബസവേശ്വര ക്ഷേത്രം, ധർമ സ്ഥല മഞ്ജുനാഥ ക്ഷേത്രം, കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, െകാല്ലൂർ മുകാംബിക ക്ഷേത്രം എന്നിവിടങ്ങളിൽ വിശ്വാസികളെത്തി. തെർമൽ സ്കാനിങ് നടത്തി വിശ്വാസികൾക്ക് സാനിറ്റൈസർ നൽകിയശേഷമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. രാജ്യസഭ: ബി.ജെ.പി സംസ്ഥാന പട്ടിക കേന്ദ്രം വെട്ടി ഏറണ്ണ കഡാടിയും അശോക് ഗാസ്തിയും സ്ഥാനാർഥികൾ ബംഗളൂരു: ബി.ജെ.പി സംസ്ഥാന നേതൃത്വം നൽകിയ സ്ഥാനാർഥിപ്പട്ടിക വെട്ടിനിരത്തി കേന്ദ്ര നേതൃത്വം രാജ്യസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കർണാടകയിൽനിന്നുള്ള രാജ്യസഭ സീറ്റുകളിലേക്ക് ബി.ജെ.പി സ്ഥാനാർഥികളായി ഏറണ്ണ കഡാടിയെയും അശോക് ഗീസ്തിയെയും നിശ്ചയിച്ചു. നാലു സീറ്റിൽ രണ്ടു പേരെ വിജയിപ്പിക്കാനുള്ള അംഗബലമാണ് ബി.ജെ.പിക്കുള്ളത്. എ.ബി.വി.പി, ആർ.എസ്.എസ് എന്നിവയിലൂടെ ബി.ജെ.പിയിലെത്തിയ ഇരുവരുടെയും സ്ഥാനാർഥിത്വം സംസ്ഥാന ബി.ജെ.പി നേതൃത്വത്തെയും നേതാക്കളെയും ഞെട്ടിച്ചു. പ്രവർത്തകർക്കിടയിലിറങ്ങിയുള്ള പ്രവർത്തനമാണ് ഇരുവരുടെയും സ്ഥാനാർഥിത്വത്തിന് പരിഗണിച്ചതെന്ന് മുതിർന്ന നേതാക്കൾ പ്രതികരിച്ചു. 55 വയസ്സുള്ള ഇരുവർക്കും രാജ്യസഭ സ്ഥാനാർഥിത്വം അപ്രതീക്ഷിതമാണ്. വടക്കൻ കർണാടകയിലെ ബെളഗാവിയിലെ വീരശൈവ ലിംഗായത്ത് വിഭാഗത്തിലുള്ള ഏറണ്ണ കഡാടി ബി.ജെ.പി ബെളഗാവി ജില്ല പ്രസിഡൻറായിട്ടുണ്ട്. റായ്ച്ചൂർ ജില്ലയിൽനിന്നുള്ള അശോക് ഗാസ്തി ബി.ജെ.പിയുടെ ബെളഗാവി ജില്ല ചുമതലയുള്ള സെക്രട്ടറിയായിട്ടുണ്ട്. രാജ്യസഭ അംഗമായ പ്രഭാകർ കൊറെ, മുതിർന്ന ബി.ജെ.പി എം.എൽ.എയുമായ ഉമേഷ് കട്ടിയുടെ സഹോദരനും മുൻ ലോക്സഭ അംഗവുമായ രമേശ് കട്ടി, ഹോട്ടൽ വ്യവസായി പ്രകാശ് ഷെട്ടി എന്നിവരുടെ പേരുകളാണ് സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് നൽകിയത്. എന്നാൽ, മൂന്നുപേരെയും പരിഗണിച്ചില്ല. ഇക്കഴിഞ്ഞ മേയിൽ എം.എൽ.എ ഉമേഷ് കട്ടിയുടെ നേതൃത്വത്തിൽ വടക്കൻ കർണാടകയിലെ 20ഒാളം ബി.ജെ.പി എം.എൽ.എമാർ രഹസ്യ യോഗം ചേർന്നിരുന്നു. ഇതേതുടർന്ന് പാർട്ടിയിൽ യെദിയൂരപ്പക്കെതിരെ പടയൊരുക്കം ശക്തമായെന്ന റിപ്പോർട്ടും പുറത്തുവന്നു. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തനായ ഉമേഷ് കട്ടി, സഹോദരൻ രമേശ് കട്ടിയെ രാജ്യസഭയിലേക്ക് അയക്കാൻ സമ്മർദം ചെലുത്തിയിരുന്നു. തുടർന്നാണ് സംസ്ഥാന നേതൃത്വത്തിൻെറ പട്ടികയിൽ രമേശ് കട്ടിയുടെ പേര് ഇടംപിടിച്ചത്. എന്നാൽ, ഉമേഷ് കട്ടിയുടെ സമ്മർദത്തിന് വഴങ്ങേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം ബി.ജെ.പിയിൽ വിഭാഗീയത രൂക്ഷമാക്കുമെന്ന് അഭ്യൂഹമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.