നടൻ ചിരഞ്ജീവി സർജ അന്തരിച്ചു

ബംഗളൂരു: പ്രശസ്ത കന്നട നടനും നടി മേഘ്നരാജിൻെറ ഭർത്താവുമായ ചിരഞ്ജീവി സർജ (39) ബംഗളൂരുവിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പിതാവിനോട് സംസാരിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെതുടർന്ന് ചിരഞ്ജീവി സർജയെ ബംഗളൂരു ജയനഗറിലെ സാഗർ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച 2.20ഒാടെ ആശുപത്രിയിലെത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നുവെന്നും ഉടനെ അടിയന്തര ചികിത്സ നൽകിയെങ്കിലും ഫലംകണ്ടില്ലെന്നും അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് വൈകീട്ട് 3.48ന് മരണം സ്ഥിരീകരിച്ചു. അപ്രതീക്ഷിത മരണം കന്നട സിനിമാപ്രവർത്തകരെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തി. തെന്നിന്ത്യൻ നടൻ അർജുൻ സർജയുടെ ബന്ധുവായ ചിരഞ്ജീവി സർജ 22ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അർജുൻ സർജയുടെ സിനിമകളിൽ സഹസംവിധായകനായാണ് ചിരഞ്ജീവി സർജ സിനിമയിലെത്തുന്നത്. 2009ൽ പുറത്തിറങ്ങിയ വായുപുത്രയായിരുന്നു ആദ്യ ചിത്രം. ബ്യൂട്ടിഫുൾ എന്ന മലയാള സിനിമയിൽ ഉൾപ്പെടെ അഭിനയിച്ചിട്ടുള്ള നടി മേഘ്നരാജ്, 2018 മേയ് രണ്ടിനാണ് ചിരഞ്ജീവി സർജയെ വിവാഹം ചെയ്യുന്നത്. 10 വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സാൻഡൽവുഡിലെ ആക്ഷൻ ഹീറോ ആയാണ് ചിരഞ്ജീവി സർജ അറിയപ്പെട്ടിരുന്നത്. ചിരു, കെംപെഗൗഡ, വരദനായക, വിസിൽ, ചന്ദ്രലേഖ, സിംഗ്ഗ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഖാക്കി, ആദ്യ എന്നീ സിനിമകള്‍ ഈ വര്‍ഷം ആദ്യം റിലീസ് ചെയ്തിരുന്നു. അവസാനമായി ശിവാർജുന എന്ന സിനിമയിലാണ് അഭിനയിച്ചത്. രാജ മാർത്താണ്ഡ, രണം, ക്ഷത്രിയ, ധീരം തുടങ്ങിയ സിനിമകൾ പൂർത്തിയാക്കാനിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. മുതിർന്ന കന്നട നടൻ ശക്തിപ്രസാദിൻെറ പേരമകനായ ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ സർജയും കന്നടയിലെ അറിയപ്പെടുന്ന നടനാണ്. ഹൃദയാഘാതത്തെതുടർന്നാണ് മരണമെങ്കിലും പ്രോട്ടോക്കോൾ പ്രകാരം കോവിഡ് പരിശോധന നടത്തും. നിര്യാണത്തിൽ തെലുങ്ക് നടൻ അല്ലു അർജുൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ, നടിയും എം.പിയുമായ സുമലത അംബരീഷ് തുടങ്ങി നിരവധി േപർ അനുശോചിച്ചു. ലോക്ഡൗണ്‍ കാലത്ത് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നുവെന്നും വീട്ടിൽതന്നെ ഫിറ്റ്നസ് ട്രെയിനിങ് നടത്തിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.