ഒാൺലൈൻ ക്ലാസുകൾക്ക് മാർഗനിർദേശവുമായി സ്കൂളുകൾ

- അച്ചടക്കം, ശ്രദ്ധ, നല്ല പെരുമാറ്റം എന്നിവ നിർബന്ധം ബംഗളൂരു: തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിൽ ഉൾപ്പെടെ ഒാൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ വിശദമായ മാർഗനിർദേശവും പുറത്തിറക്കി. വെർച്വൽ ക്ലാസ് മുറികളിലും അച്ചടക്കം, ശ്രദ്ധ, നല്ല പെരുമാറ്റം എന്നിവയാണ് പ്രധാനമായും മാർഗനിർദേശത്തിൽ ആവശ്യപ്പെടുന്നത്. സ്വകാര്യ സ്കൂളുകൾ നേരേത്തതന്നെ ഒാൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഇപ്പോഴാണ് വിശദമായ മാർഗനിർദേശം പുറത്തിറക്കുന്നത്. എന്നാൽ, സർക്കാറിൻെറ ഒൗദ്യോഗിക മാർഗനിർദേശം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ചില സ്കൂളുകൾ വിദ്യാർഥികളോട് സ്കൂൾ യൂനിഫോമിൽ തന്നെ ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളിൽ പോയി പഠിക്കുന്നതിൻെറ അതേ ഗൗരവം ഒാൺലൈൻ ക്ലാസിനോടും ഉണ്ടാകുന്നതിന് വേണ്ടിയാണ് യൂനിഫോമും നിർബന്ധമാക്കിയത്. ലോക്ഡൗണിനിടെ ഒാൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ യൂനിഫോം നിർദേശിച്ചിരുന്നില്ല. പല കുട്ടികളും വീട്ടിൽ ധരിക്കുന്ന വസ്ത്രം ധരിച്ചാണ് ക്ലാസിൽ പങ്കെടുത്തിരുന്നത്. യൂനിഫോം നിർബന്ധമാക്കിയതോടെ കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കിയെന്നും ക്ലാസുകളിലാണെന്ന പ്രതീതി കുട്ടികൾക്കുണ്ടായെന്നും സ്കൂൾ മാനേജ്മൻെറുകൾ പറയുന്നു. കോലാഹലമുള്ള സ്ഥലത്തുനിന്നും മാറി, നല്ല വെളിച്ചമുള്ള സ്ഥലം ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കണമെന്നാണ് മാർഗനിർദേശം. ഡെസ്കുകളിലും കിടക്കകളിലും ഇരുന്ന് ക്ലാസുകളിൽ പങ്കെടുക്കരുത്. ക്ലാസുകൾ നടക്കുമ്പോൾ ഭക്ഷണം കഴിക്കുക, ചുറ്റിക്കറങ്ങുക എന്നിവ പാടില്ല. കമ്പ്യൂട്ടറിന് സമീപം വാട്ടർ ബോട്ടിലിൽ വെള്ളം സൂക്ഷിക്കാം. കൃത്യസമയത്തുതന്നെ ക്ലാസിൽ പങ്കെടുക്കണമെന്നാണ് മറ്റൊരു നിർദേശം. പല സ്കൂളുകളും ക്ലാസ് തുടങ്ങി രണ്ടു മിനിറ്റിനു ശേഷം എത്തുന്നവരെ ഒാൺലൈൻ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾ പേനയും പുസ്തകവും നേരത്തേതന്നെ എടുത്തുവെക്കണം. നിർദേശം പാലിക്കാത്തവരെ ക്ലാസിൽ പങ്കെടുപ്പിക്കില്ല. ക്ലാസുകളിൽ മാതാപിതാക്കൾ ഇടപെടരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഒാരോ ക്ലാസിനു േശഷവും 10 മിനിറ്റ് ഇടവേള നൽകും. ഈ സമയം കുട്ടികൾക്ക് വിശ്രമിക്കാം. ക്ലാസുകളിൽ പങ്കെടുക്കുമ്പോൾ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുത്. മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കരുത്. വിളിപ്പേരുകൾ ഉപയോഗിക്കരുത്, അധ്യാപകർ സംസാരിക്കുമ്പോൾ നിശ്ശബ്ദത പാലിക്കുക, അധ്യാപകർ ആവശ്യപ്പെടുമ്പോൾ മാത്രം സംസാരിക്കുക, ഒാൺലൈൻ പഠനത്തിലും നല്ല പെരുമാറ്റം തുടരുക തുടങ്ങിയവയും മാർഗനിർദേശത്തിലുണ്ട്. എന്നാൽ, സ്കൂളുകൾക്ക് സ്വന്തം നിലയിൽ ഒാൺലൈൻ ക്ലാസുകൾ നിയന്ത്രിക്കാനാകില്ലെന്നും ഇതിനായി നിംഹാൻസ് നൽകിയ റിപ്പോർട്ടുണ്ടെന്നും അത് പാലിച്ചായിരിക്കണം ക്ലാസെടുക്കേണ്ടതെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. നിംഹാൻസ് നൽകിയ നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഒൗദ്യോഗിക മാർഗനിർദേശം ഉൾപ്പെടെ പുറത്തിറക്കും. എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾക്ക് ഇപ്പോൾ ക്ലാസുകൾ ആരംഭിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ബംഗളൂരുവിൽ കണ്ടെയ്ൻമൻെറ് സോണുകൾ 32 ബംഗളൂരു: ബംഗളൂരുവിൽ രണ്ടു ദിവസത്തിനിടെ പുതുതായി ആറു സ്ഥലങ്ങൾ കൂടി കണ്ടെയ്ൻമൻെറ് േസാണിൽ ഉൾപ്പെടുത്തി. ഇതോടെ ബംഗളൂരുവിലെ ആകെ നിയന്ത്രിത മേഖലകളുടെ എണ്ണം 33 ആയി ഉയർന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ബംഗളൂരുവിൽ മാത്രം 67 പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിലും നഗരത്തിൽ കൂടുതൽ പോസിറ്റിവ് കേസുകളുണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതർ. ഇളവുകൾ നൽകിയതോടെയാണ് നഗരത്തിൽ പോസിറ്റിവ് കേസുകളുടെ എണ്ണവും വർധിച്ചത്. ശിവാജി നഗറിൽ കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ തന്നെ കമേഴ്സ്യൽ സ്ട്രീറ്റ് ഉൾപ്പെടെ തുറക്കുന്നത് വൈകും. പദരായനപുര, ഹൊങ്ങസാന്ദ്ര, ബേഗൂർ, ബി.ടി.എം ലേഒൗട്ട്, ശിവാജി നഗർ, മല്ലേശ്വരം, എച്ച്.ബി.ആർ ലേഒൗട്ട്, ഹാരോഹള്ളി, മംഗമ്മനപാളയ, ഹൂഡി, നാഗവാര, ജ്ഞാനഭാരതി നഗർ, ജഗദീവൻ രാം നഗർ, ലക്കസാന്ദ്ര, തനി സാന്ദ്ര, അഗരം, പുട്ടനഹള്ളി, മാരപ്പനപാളയ, എസ്.കെ. ഗാർഡൻ, വർത്തൂർ, ഹാഗദുരു, രാമമൂർത്തി നഗർ, അഗ്രഹാര ദാസറഹള്ളി, മാർത്തഹള്ളി, സിദ്ദാപുര, ഹൊസഹള്ളി, ബൊമ്മനഹള്ളി, എച്ച്.എസ്.ആർ ലേഒൗട്ട്, കാടുഗൊടി, ചൊക്കസാന്ദ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് നിയന്ത്രിത മേഖലകളുള്ളത്. ചിലയിടങ്ങളിൽ ഒന്നിൽ കൂടുതൽ നിയന്ത്രിത മേഖലകളുണ്ട്. ബി.ജെ.പി സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൺ ബംഗളൂരു: ബി.ജെ.പിയിൽ വിമത നീക്കം സജീവമാണെന്നും സർക്കാർ സ്വയം താഴെ വീഴുമെന്നുമുള്ള കോൺഗ്രസ് ആരോപണം തള്ളി ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ രംഗത്ത്. കർണാടകയിലെ ബി.ജെ.പി സർക്കാറിനെ ആർക്കും താഴെയിറക്കാനാകില്ലെന്നും മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കുമെന്നും അശ്വത് നാരായൺ പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി തന്നെ വീണ്ടും അധികാരത്തിൽ വരും. ചെറിയ ചില പ്രശ്നങ്ങളിൽ നേതാക്കൾക്ക് അതൃപ്തിയുണ്ടാകുക സ്വാഭാവികമാണ്. എന്നുകരുതി അത് വിഭാഗീയതുണ്ടാക്കില്ല. നേതാക്കളുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ച് ചർച്ച ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിമത നീക്കങ്ങൾക്കും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കും ബി.ജെ.പിയിൽ ഒരു സാധ്യതയുമില്ലെന്നും പാർട്ടിയുടെ ലക്ഷ്മണ രേഖ കടക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാത്ത ഉമേഷ് കട്ടിയുടെ നേതൃത്വത്തിൽ 20ഒാളം എം.എൽ.എമാർ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.