നിർബന്ധിത ക്വാറൻറീനിൽ ഇളവ് വരുത്താനൊരുങ്ങി കർണാടക

-ജൂൺ ഒന്നു മുതൽ ഹോം ക്വാറൻറീനിലേക്ക് മാറ്റിയേക്കും ബംഗളൂരു: ആഭ്യന്തര വിമാന സർവിസുകൾ ഉൾപ്പെടെ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ കർണാടകയിലേക്ക് എത്തുന്നവർക്കുള്ള നിർബന്ധിത ക്വാറൻറീൻ നിബന്ധനയിൽ സർക്കാർ ഇളവു വരുത്താനൊരുങ്ങുന്നു. ജൂൺ ഒന്നു മുതൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലേക്ക് എത്തുന്നവരെ ഹോം ക്വാറൻറീനിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. നിലവിൽ കർണാടകയിലെത്തുന്നവർ സർക്കാർ ഏർപ്പെടുത്തുന്ന കേന്ദ്രങ്ങളിൽ സൗജന്യമായോ അതല്ലെങ്കിൽ ഹോട്ടലുകളിൽ പണം നൽകിയോ 14 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ കഴിയണം. വിദേശത്തുനിന്നും എത്തുന്ന യാത്രക്കാരിൽ രോഗലക്ഷണമില്ലാത്തവരെ നിരീക്ഷണത്തിലാക്കി ഉടൻതന്നെ ആർ.ടി- പി.സി.ആർ പരിശോധനക്ക് വിധേയമാക്കാനുള്ള നിർദേശവും ഇതിനോടകം നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കുള്ള മാർഗനിർദേശങ്ങളിൽ കർണാടക മാറ്റം വരുത്താൻ ആലോചിക്കുന്നത്. വരുന്നവരെ ഹോം ക്വാറൻറീൻ ചെയ്യണോ അതോ ക്വാറൻറീൻ തന്നെ ഒഴിവാക്കണോ എന്ന സാധ്യതകളെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷം മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. വരും ദിവസങ്ങളിൽ പുറത്തുനിന്നു വരുന്നവരുെട എണ്ണം വർധിക്കുന്നതോടെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സ്ഥലം കണ്ടെത്താനാകില്ലെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്വാറൻറീൻ സംബന്ധിച്ചുള്ള വിശദമായ മാർഗനിർദേശം രണ്ടുദിവസത്തിനുള്ളിൽ പുറത്തിറക്കിയേക്കും. നിലവിൽ 1.1 ലക്ഷം പേരാണ് കർണാടകയിൽ നിർബന്ധിത ക്വാറൻറീനിലുള്ളത്. നാലു ലക്ഷത്തോളം പേർ സംസ്ഥാനത്ത് വരാനായി കാത്തുനിൽക്കുന്നുണ്ട്. 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ നേതാക്കൾക്ക് ഉൾപ്പെടെ വിയോജിപ്പുണ്ട്. വിമാന യാത്ര ആരംഭിക്കുന്നതോടെ ബിസിനസ് ആവശ്യങ്ങൾക്ക് ഉൾപ്പെടെയുള്ളവർ ബംഗളൂരുവിൽ എത്തും. ഇവർക്ക് നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്തുക അപ്രായോഗികമായി തീരുമെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. ലക്ഷത്തിലധികം പേർ സംസ്ഥാനത്തേക്ക് എത്തുമ്പോൾ ഇവർക്കെല്ലാം നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്താനുള്ള സ്ഥലങ്ങൾ കണ്ടെത്താനാകില്ല. കൂടുതൽ പരിശോധന നടത്തിയും നിരീക്ഷണം ശക്തമാക്കിയും രോഗവ്യാപനം നിയന്ത്രിക്കാനാണ് ശ്രമമെന്നും ഒരു ദിവസം ലക്ഷം പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും സുധാകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.