പ്രതിഷേധം ശക്തമായി; ട്രെയിൻ സർവിസ് റദ്ദാക്കിയ നടപടി കർണാടക പിൻവലിച്ചു

സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നതിനാല്‍ തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നത് തിരിച്ചടിയാകുമെന്നായിരുന്ന ന്യായം ബംഗളൂരു: അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ട്രെയിൻ സർവിസുകൾ റദ്ദാക്കിയ നടപടി കർണാടക പിൻവലിച്ചു. കർണാടകയിൽനിന്നും വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിൻ സർവിസ് താൽകാലികമായി നിർത്തിവെച്ച കർണാടക സർക്കാറിൻെറ നടപടിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ചത്. ട്രെയിൻ സർവിസ് നടത്താൻ അനുമതി ആവശ്യപ്പെട്ട് കർണാടക പ്രിൻസിപ്പൽ സെക്രട്ടറി ഝാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ്, മണിപ്പൂർ, ത്രിപുര, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. വെള്ളിയാഴ്ച മുതൽ ഒരോ ദിവസവും രണ്ടു ട്രെയിൻ സർവിസ് വീതം നടത്താനാണ് കർണാടക ഉദ്ദേശിക്കുന്നത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ അന്തർ സംസ്ഥാന തൊഴിലാളികളെയും ട്രെയിനിൽ കൊണ്ടുപോകും. ട്രെയിൻ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ഉത്തർ പ്രദേശിലേക്ക് ഉൾപ്പെടെ പലരും ബംഗളൂരുവിൽനിന്നും കാൽനടയാത്ര ആരംഭിച്ചിരുന്നു. ഇവരെ പിന്നീട് തിരിച്ചെത്തിക്കുകയായിരുന്നു. മേയ് 15വരെയുള്ള ട്രെയിൻ സർവിസുകൾ സൗജന്യമായിരിക്കുമെന്നാണ് വിവരം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികൾക്കു വേണ്ടി കഴിഞ്ഞ ശനിയാഴ്ച മുതൽ ട്രെയിൻ സർവിസ് ആരംഭിച്ചെങ്കിലും ചൊവ്വാഴ്ച റദ്ദാക്കുകയായിരുന്നു. സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നതിനാല്‍ തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നത് തിരിച്ചടിയാകുമെന്ന കാരണത്താലായിരുന്നു സര്‍വിസുകള്‍ റദ്ദാക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസും ജെ.ഡി.എസും വിവിധ സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പല ലേബർ ക്യാമ്പുകളിലും തൊഴിലാളികൾ പ്രതിഷേധിക്കുകയും ചെയ്തു. ബംഗളൂരുവിലെ കൊനനകുണ്ഡെ ക്രോസിലെ ലേബർ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 700ഒാളം നിർമാണ തൊഴിലാളികൾ ബുധനാഴ്ച രാത്രി കൂട്ടം ചേർന്ന് മുദ്രാവാക്യം വിളിച്ചു. ജോലി ചെയ്യില്ലെന്നും നാട്ടിൽ പോകണമെന്നും ഇവർ ആവശ്യപ്പെട്ടു. പൊലീസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. ഗരുഡാചരപാളയയില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധിച്ചെത്തി. ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 2.13 ലക്ഷത്തോളം തൊഴിലാളികളാണ് ജന്മനാട്ടില്‍ പോകാനായി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ എട്ടു ട്രെയിനുകളിലായി 8,000ത്തോളം പേര്‍ക്കുമാത്രമാണ് മടങ്ങാന്‍ സാധിച്ചത്. ട്രെയിൻ റദ്ദാക്കിയ തീരുമാനം മനുഷ്യത്വരഹിതവും മൗലികാവകാശ ലംഘനമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.