അന്തർ സംസ്ഥാന യാത്രക്ക് മാർഗ നിർദേശം പുറത്തിറക്കി കർണാടക

-തിരിച്ചെത്തുന്നവരെ മൂന്നു വിഭാഗങ്ങളിലായി നിരീക്ഷണത്തിലാക്കും ബംഗളൂരു: കർണാടകയിൽനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്കും കർണാടകയിലേക്ക് മടങ്ങിയെത്തുന്നവർക്കുമായി വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. അതേസമയം, കേരളത്തിലേക്ക് മടങ്ങുന്നതിന് ഇതര സംസ്ഥാനത്ത് കുടുങ്ങിയവർക്ക് പാസ് നൽകുന്നത് കേരളം താൽക്കാലികമായി നിർത്തിയതോടെ പലരും വീണ്ടും ബുദ്ധിമുട്ടിലായി. നാട്ടിലെത്താമെന്നു പ്രതീക്ഷിച്ചവർ ഇനിയും കാത്തിരിക്കേണ്ടിവരും. ലോക്ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കർണാടകയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും കർണാടകയിൽനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കുമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ അതിർത്തിയിൽ എൻട്രി, എക്സിറ്റ് പോയൻറുകൾ സജ്ജമാക്കി. ആരോഗ്യ പരിശോധനക്ക് ഉൾപ്പെടെയുള്ള സംവിധാനവും ഒരുക്കി. ബംഗളൂരുവിൽനിന്നും പുറത്തേക്ക് പോകുന്നവർക്ക് അത്തിബലെ അതിർത്തി വഴി തമിഴ്നാട്ടിലേക്ക് കടന്ന് വാളയാറിലും കനകപുര റോഡ് വഴി മൈസൂരുവിലെത്താതെ ചാമരാജ് നഗർ വഴി മുത്തങ്ങയിലും എത്താം. കേരളത്തിൽനിന്നും തിരിച്ചുവരുന്നവരും ഈ വഴി തന്നെ വരണം. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്കും പ്രത്യേക എൻട്രി, എക്സിറ്റ് പോയൻറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മംഗളൂരുവിൽനിന്നും തലപ്പാടി വഴി കാസർകോടേക്കും തിരിച്ച് മംഗളൂരുവിലേക്കും എത്താം. കുടക് വഴിയും രാമനഗര വഴിയും അന്തർ സംസ്ഥാന യാത്ര അനുവദിക്കുന്നില്ല. കർണാടകയിൽനിന്നും യാത്ര ആരംഭിക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങാൻ കർണാടകയുടെ പാസ് നിർബന്ധമല്ല. എന്നാൽ, കേരളത്തിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കർണാടകയിലെത്താനോ കർണാടക വഴി മറ്റിടങ്ങളിലെത്താനോ കർണാടക പാസ് നിർബന്ധമാണ്. സേവ സിന്ധു വെബ്സൈറ്റ് (https://sevasindhu.karnataka.gv.in) വഴിയാണ് പാസിന് അപേക്ഷിക്കേണ്ടത്. മറ്റു സംസ്ഥാനങ്ങളിൽനിന്നും കർണാടകയിലേക്ക് എത്തുന്നവരെ മൂന്നു വിഭാഗമായി തിരിച്ചായിരിക്കും നിരീക്ഷണത്തിലാക്കുക. യാത്രാ പാസിന് ഒരാഴ്ചത്തെ കാലാവധി ഉണ്ടാകും. രോഗ ലക്ഷണമില്ലാത്തവർ വീട്ടിൽ പ്രത്യേകം നിരീക്ഷണത്തിൽ കഴിയണം. രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിൽ ഐസൊലേഷനിലാക്കും. രോഗ ലക്ഷണമുള്ളവരോടൊപ്പം യാത്ര ചെയ്തവരെ കോവിഡ് കെയർ സൻെററുകളിൽ നിരീക്ഷണത്തിലാക്കും. കർണാടകയിൽനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവരും സേവാ സിന്ധു വഴി തന്നെയാണ് അപേക്ഷ നൽേകണ്ടത്. യാത്രക്കിടെ സഹായത്തിനായി 080-22636800 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിക്കാം. തിരിച്ചെത്താൻ അപേക്ഷ നൽകിയത് അരലക്ഷത്തിലധികം പേർ ബംഗളൂരു: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കർണാടകയിലേക്ക് തിരിച്ചെത്താനായി അപേക്ഷ നൽകിയവരുടെ എണ്ണം അരലക്ഷം കടന്നു. ഇതുവരെ കർണാടകയുടെ സേവാസിന്ധു വെബ്സൈറ്റ് വഴി 56,632 പേരാണ് കർണാടകയിലേക്ക് മടങ്ങിയെത്താനുള്ള പാസിനായി അപേക്ഷ നൽകിയത്. ഇതിൽ വളരെ കുറച്ചുശതമാനം പേർക്ക് മാത്രമാണ് പാസ് നൽകിയത്. ഇതുവരെ 5,000 പേർക്കാണ് പാസ് നൽകിയത്. 500ഒാളം പാസുകൾ കൃത്യമായ രേഖകളുടെ അഭാവത്തിൽ തള്ളിക്കളയുകയും ചെയ്തു. രോഗവ്യാപനം തടയാൻ വളരെ സൂക്ഷ്മത പുലർത്തിയാണ് പാസ് നൽകുന്നതെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. മേയ് രണ്ടു മുതലാണ് സേവാ സിന്ധു വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ അകടപ്പെട്ടിരിക്കുന്ന കന്നടിഗരും ഇവിടെ ജോലിയെടുക്കുന്നവരുമാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും അപേക്ഷ നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ അപേക്ഷ ലഭിച്ചത്. കുടിയേറ്റ തൊഴിലാളികൾ, വിദ്യാർഥികൾ, പ്രഫഷനലുകൾ ഉൾപ്പെടെ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ 30ശതമാനത്തോളം പേർ റോഡ് മാർഗം വരാനാണ് അപേക്ഷ നൽകിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളുടെ യാത്രാനുമതി ഇവരിൽ പലർക്കും ലഭിച്ചിട്ടുണ്ടെങ്കിലും കർണാടക വ്യാപകമായി പാസ് അനുവദിച്ചുതുടങ്ങിയിട്ടില്ല. അതത് ജില്ല ഡെപ്യൂട്ടി കമീഷണർമാരാണ് അപേക്ഷ പരിശോധിച്ച് പാസ് നൽകുന്നത്. സ്വന്തം വാഹനത്തിൽ വരുന്നവരെ അതിർത്തിയിൽ പരിശോധന നടത്തി, സ്റ്റാമ്പ് ചെയ്തശേഷമായിരിക്കും മൂന്നു വിഭാഗങ്ങളിലായി തരംതിരിച്ച് ഏതു രീതിയിലുള്ള നിരീക്ഷണമാണ് വേണ്ടതെന്ന് നിശ്ചയിക്കുക. അതിർത്തികളിൽ ആരോഗ്യപരിശോധന, താൽക്കാലിക പരിശോധന കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ഒരുക്കം പൂർത്തിയാകേണ്ടതിനാലാണ് പാസ് നൽകുന്നത് വൈകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.