അന്തർ സംസ്ഥാന തൊഴിലാളികൾക്കായുള്ള ട്രെയിൻ സർവിസ് റദ്ദാക്കി

ബംഗളൂരു: അന്തർ സംസ്ഥാന തൊഴിലാളികളെ നാടുകളിലെത്തിക്കുന്നതിനുള്ള ട്രെയിൻ സർവിസുകൾ കർണാടക താൽകാലികമായി റദ്ദാക്കി. 40 ദിവസത്തിലധികമായി ജോലിയില്ലാതെ ദുരിതത്തിലായ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഇതോടെ കർണാടകയിൽനിന്നും നാട്ടിലേക്ക് മടങ്ങാനുള്ള വഴിയടഞ്ഞു. ലോക്ഡൗണിൽ ഇളവുകൾ നൽകിയതോടെ നിർമാണ മേഖല ഉൾപ്പെടെ സജീവമാവുകയാണെന്നും തൊഴിൽ ഉറപ്പാക്കുമെന്നുമാണ് സർക്കാർ അറിയിക്കുന്നത്. എന്നാൽ, ഭക്ഷണത്തിന് ഉൾപ്പെടെ പണം െചലവാകുന്നുണ്ടെന്നും ഇവിടെകിടന്ന് മരിക്കാൻ വയ്യെന്നും നാട്ടിലെത്തണമെന്നുമാണ് അന്തർ സംസ്ഥാന തൊഴിലാളികൾ പറയുന്നത്. ബംഗളൂരുവിലെ പ്രമുഖ കെട്ടിട നിർമാതാക്കളുമായും കരാറുകാരുമായും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ചർച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് ട്രെയിൻ സർവിസ് താൽകാലികമായി റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്. ലോക്ഡൗണിൽ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനാകില്ലെന്നും മേയ് 17 വരെ കാത്തുനിൽക്കണമെന്നുമാണ് അധികൃതർ ഇപ്പോൾ അറിയിക്കുന്നത്. ഉടന്‍ സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനാല്‍ തൊഴിലാളികള്‍ മടങ്ങുന്നത് തിരിച്ചടിയാകുമെന്ന് നിര്‍മാതാക്കളും വ്യവസായികളും മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. തൊഴിലാളികളെ സംരക്ഷിച്ചുകൊള്ളാമെന്ന് നിര്‍മാതാക്കള്‍ സര്‍ക്കാറിന് ഉറപ്പുനല്‍കിയതായാണ് വിവരം. ചെവ്വാഴ്ച വൈകീട്ട് വരെ ദക്ഷിണ പശ്ചിമ റെയിൽവേ കർണാടകത്തിൽനിന്നം വിവിധ സംസ്ഥാനങ്ങളിലേക്കായി എട്ടു ട്രെയിനുകളാണ് സർവിസ് നടത്തിയത്. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ ട്രെയിനുകളിൽ നാട്ടിലേക്ക് മടങ്ങിയത്. വരും ദിവസങ്ങിലും നിരവധിപേർ മടങ്ങാനിരിക്കെയാണ് സർക്കാറിൻെറ അപ്രതീക്ഷിത തീരുമാനം. നേരത്തെ ആവശ്യപ്പെട്ടപ്രകാരം അനുവദിച്ച പത്തു ട്രെയിനുകൾ റദ്ദാക്കണമെന്ന നിർദേശമാണ് റെയിൽവേക്ക് നൽകിയത്. നാട്ടിലെത്തുക എന്നത് െതാഴിലാളികളുടെ അവകാശമാണെന്നും സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നുമാണ് സാമൂഹിക പ്രവർത്തകർ ഉൾപ്പെടെ അഭിപ്രായപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.