ആലപ്പുഴ: സാമ്പത്തികവർഷം അവസാനിച്ചപ്പോൾ ജില്ലയിൽ ആകെ 26436.40 ലക്ഷം രൂപയുടെ പദ്ധതികൾ പൂർത്തിയായി. 72.35 ശതമാനം തുകയാണ് ചെലവഴിച്ചത്. ഇതോടെ സംസ്ഥാനതലത്തിൽതന്നെ ഏറ്റവും മുൻപന്തിയിലെത്തിയ ജില്ലകളിൽ ഒന്നായി ആലപ്പുഴ മാറി. ജില്ല പഞ്ചായത്ത് 81.45 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകൾ 79 ശതമാനവും ചെലവഴിച്ചാണ് പദ്ധതി നിർവഹണം പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്തുകൾ 14683.29 ലക്ഷം രൂപ ചെലഴിച്ച് 72.40 ശതമാനം തുക വിനിയോഗിച്ചു. നഗരസഭകൾ 64 ശതമാനം ചെലവഴിച്ച് 5067.02 ലക്ഷം രൂപയുടെ പദ്ധതികൾ പൂർത്തിയാക്കിയാണ് സാമ്പത്തികവർഷം അവസാനിപ്പിച്ചത്. ഗ്രാമപഞ്ചായത്തുകളിൽ 100 ശതമാനം (195.65 ലക്ഷം രൂപ) ചെലവഴിച്ച അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം സ്ഥാനത്തും 96.29 ശതമാനം (272.44 ലക്ഷം രൂപ) ചെലവഴിച്ച് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തും എത്തി. ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് മുതുകുളമാണ്, 94 ശതമാനം (387.41 ലക്ഷം രൂപ). രണ്ടാം സ്ഥാനത്ത് ചെങ്ങൂർ ബ്ലോക്ക് - 90.39 ശതമാനം (358.15 ലക്ഷം രൂപ). നഗരസഭകളിൽ പുതുതായി രൂപവത്കരിച്ച ഹരിപ്പാടാണ് ചെലവിൽ ഒന്നാം സ്ഥാനത്തെത്തിയത്, 93.15 ശതമാനം (127.92 ലക്ഷം രൂപ). 72.35 ശതമാനം തുക (790.97 ലക്ഷം രൂപ) ചെലവഴിച്ച ചേർത്തല നഗരസഭ രണ്ടാംസ്ഥാനത്താണ്. സംസ്ഥാന സർക്കാർ അംഗീകരിച്ചുനൽകിയ വിവിധ വിഭാഗങ്ങളിലെ സാധാരണ വിഹിതം, ധനകാര്യകമീഷൻ ഗ്രാൻറ്, ലോകബാങ്ക് ധന സഹായം, പ്രത്യേക ഘടകപദ്ധതി, പട്ടികവർഗ ഉപപദ്ധതി എന്നിവ ഉൾപ്പെടെ ലഭിച്ച 1,95,64,723 രൂപ 100 ശതമാനവും ചെലവാക്കിയാണ് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് മുന്നിലെത്തിയത്. കൂടാതെ, ഘടകസ്ഥാപനങ്ങളിലെ ആസ്തി വർധിപ്പിക്കാനുള്ള റോഡിതര ഫണ്ടും റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള റോഡ്ഫണ്ടും ചേർത്ത് 41,66,892 രൂപയുടെ മെയിൻറനൻസ് ഫണ്ടും പൂർണമായും ചെലവഴിച്ചു. പ്രസിഡൻറ് ആബിദ അസീസ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി, ജീവനക്കാർ, നിർവഹണഉദ്യോഗസ്ഥർ, എസ്.സി--എസ്.ടി പ്രമോട്ടർമാർ, സാക്ഷരത േപ്രരക്മാർ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പ്രയത്നമാണ് അരൂക്കുറ്റി പഞ്ചായത്തിനെ ജില്ലയിലെ പ്രഥമസ്ഥാനത്തെത്തിച്ചതെന്ന് സെക്രട്ടറി പി.വി. മണിയപ്പൻ അറിയിച്ചു. നൂറ് ശതമാനം ഫണ്ട് വിനിയോഗിച്ച അരൂക്കുറ്റി ഗ്രാമപഞ്ചായത്തിനെ അഡ്വ. എ.എം. ആരിഫ് എം.എൽ.എ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമല സെൽവരാജ്, ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.ഡി. സുദർശനൻ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.