വരട്ടാര്‍ കൈയേറ്റം വ്യാപകം; അധികൃതര്‍ക്ക് മൗനം

ചെങ്ങന്നൂര്‍: നാടിന്‍െറ ജലസ്രോതസ്സായി നിലകൊണ്ട വരട്ടാര്‍ കൈയേറ്റക്കാരുടെ പിടിയില്‍. വ്യാപക കൈയേറ്റമാണ് ആറിന്‍െറ പലഭാഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അടുത്തകാലത്ത് മഴുക്കീര്‍ വഞ്ഞിമൂട്ടില്‍ കടവിന് സമീപം സ്വകാര്യവ്യക്തികള്‍ ആറിന്‍െറ കര കൈയേറി. ഇരുവശവും തിട്ടയുണ്ടാക്കി തെങ്ങിന്‍ തൈകളും വാഴയും മറ്റും നട്ട് പുരയിടം പോലെയാക്കി. ആറിന്‍െറ അരികിലൂടെയുള്ള നടവഴിയോട് ചേര്‍ന്ന കരപ്രദേശം അങ്ങനെ കൈയേറ്റത്തിന്‍െറ പിടിയിലായി. പമ്പ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൂട്ടായ്മ കൈയേറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. മധ്യതിരുവിതാംകൂറിലെ പ്രധാന ജലസ്രോതസ്സാണ് വരട്ടാര്‍. അതാണ് ഇപ്പോള്‍ മൃതപ്രായത്തിലായിരിക്കുന്നത്. അസഹ്യമായ ദുര്‍ഗന്ധം പലയിടത്തും ഉണ്ട്. ആറാട്ടുകടവ് പാലത്തില്‍നിന്നും കക്കൂസ് മാലിന്യവും കോഴിയുടെ വേസ്റ്റും മറ്റും തള്ളുന്നുണ്ട്. ആദി പമ്പ മുതല്‍ ഇടനാട്, പുതുക്കുളങ്ങര, പടനിലം, വാഴാര്‍മംഗലം. ഓതറ, തലയാര്‍, നന്നാട്, തിരുവന്‍വണ്ടൂര്‍ വഴി തിരിഞ്ഞ് വീണ്ടും പമ്പാനദിയില്‍ സംഗമിക്കുന്ന 14 കിലോമീറ്റര്‍ നീളമുണ്ട് ആറിന്. ഇപ്പോള്‍ പലയിടത്തും ഒഴുക്ക് നിലച്ചു. പായലും പോളയും എക്കലും ചെളിയും നിറഞ്ഞ് വെള്ളത്തിന് കറുത്ത നിറമായി. സമീപത്തെ കിണറുകളിലെ വെള്ളത്തിന് ചുവപ്പ് നിറമാണ്. മഴുക്കീര്‍ മുതല്‍ ഇരമല്ലിക്കര വരെ ഏകദേശം 23ഓളം കൈത്തോടുകള്‍ വരട്ടാറിന് ഉണ്ടായിരുന്നു. ഇന്ന് കൈത്തോടുകള്‍ കൈയേറ്റത്തിന്‍െറ പിടിയിലമര്‍ന്ന് പൂര്‍ണമായും ഇല്ലാതായി. ഉപ്പുകളത്തില്‍ തോട്, മുളംതോട് എന്നിവയും സ്വകാര്യ വ്യക്തികളുടെ അധീനതയിലായി. പഞ്ചായത്തിന്‍െറ പലഭാഗങ്ങളിലും നടക്കുന്ന കൈയേറ്റത്തിനെതിരെ അധികൃതര്‍ മൗനത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.